മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി കേന്ദ്ര സർക്കാരിനും ടെലികോം കമ്പനികൾക്കും നഷ്ടം വരുത്തിയത് 2.5 കോടിയോളം രൂപ. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടന്നത് മലപ്പുറം മങ്കടയിലെ ന്യൂട്രിഷ്യൻ ഫുഡ് വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ മറവിൽ
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

വള്ളിക്കാപ്പറ്റ സ്വദേശി കുരിക്കൾ അബ്ദുൾഗഫൂറി (33)നെയാണ് മലപ്പുറം എസ്‌പി എസ്. സുജിത്ദാസിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി സന്തോഷ് കുമാർ, മങ്കട സിഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നു വരുന്ന അന്താരാഷ്ട്ര കോളുകളെ ലോക്കൽ കോളുകളാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

സർക്കാരിനും ടെലികോം കമ്പനികൾക്കും ഭാരിച്ച നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തുന്നതിനെക്കുറിച്ചു പൊലീസിന് സംശയമുണ്ടായിരുന്നതിനാൽ ഈ സ്ഥാപനത്തെയും പ്രതിയെയും നിരീക്ഷിച്ചു വരികയായിരുന്നു. ഉപകരണങ്ങളും വിവിധ ടെലികോം കമ്പനികളുടെ 250 ലേറെ വരുന്ന സിമ്മുകളും പൊലീസ് പിടിച്ചെടുത്തു