തലശേരി: നിരവധി മോഷണ കേസുകളിലെ പ്രതി ഷട്ടറുകളും പൂട്ടുകളും തകർക്കാനുള്ള ആയുധങ്ങളും മോഷ്ടിച്ച സ്‌കൂട്ടറുമായി മാഹി പൊലീസിന്റെ പിടിയിൽ. കോഴിക്കോട് കുന്ദമംഗലത്തെ മുജീബ് (36) ആണ് കഴിഞ്ഞ ദിവസം മാഹി പൊലിസിന്റെ വലയിലായത്. ഒരാഴ്ച മുൻപാണ് പ്രതി ജയിൽ മോചിതനായത്. ഇതിനു ശേഷമായിരുന്നു വീണ്ടും കവർച്ചയ്ക്കിറങ്ങിയത്.

പന്തക്കൽ സ്വദേശി പുരുഷോത്തമന്റെ ഏകദേശം 75000 രൂപ വിലമതിക്കുന്ന ഹോണ്ടാ ഡിയോ സ്‌കൂട്ടർ കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ മാഹി മുണ്ടോക്കിൽ വെച്ച് കളവ് പോയിരുന്നു. മാഹി പൊലീസിൽ ലഭിച്ച പരാതിയിൽ മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശാനുസരണം മാഹി സർക്കിൾ ഇൻസ് പെക്ടർ ബി.എം മനോജിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ സൈബർ സെല്ലിന്റേയും സി.സി.ടി.വി. ക്യാമറകളുടേയും സഹായത്തോടെ കളവ് പോയ വാഹനത്തോടൊപ്പം പ്രതിയേയും വടകരയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മാഹി എസ്‌ഐ പി. പ്രദീപ്, എ എസ്‌ഐ. കിഷോർ കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്, അശോകൻ, ശ്രീജേഷ് പൊലീസ് കോൺസ്റ്റബിൾമാരായ നിജിൽ കുമാർ, ശ്രീജേഷ് ഹോംഗാർഡുമാരായ ജിതേഷ്, കൃഷ്ണപ്രസാദ്, അതുൽ രമേശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഇയാളുടെ പേരിൽ മുപ്പതോളം കേസുകൾ നിലവിലുണ്ട്. കുന്ദമംഗലത്തെ ബിവറേജ് കടയിൽ മോഷണം നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് രണ്ടര വർഷം ജയിലിൽ കിടന്ന പ്രതി ജൂലായ് 31 നാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷമാണ് ഇയാൾ മാഹിയിലെത്തി മോഷണം നടത്തിയത്.