മലപ്പുറം: ഒരു ബില്ലിന് 100 രൂപ പ്രകാരം ജീവനക്കാർക്ക് നൽകും. ബിവറേജ്സ് ഔട്ട്ലെറ്റിലെ വനിതാ ജീവനക്കാരിയുടെയും ഒത്താശ. ഓട്ടോയിൽ കടത്താൻ ശ്രമിച്ച 18 ലിറ്റർ വിദേശ മദ്യവുമായി ഒരാളെ എക്സൈസ് സംഘം നിലമ്പൂരിൽ വെച്ച് പിടികൂടി. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നിലമ്പൂർ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിലാണ് കെഎൻജി റോഡിൽ വച്ച് പോരൂർ അയനിക്കോട് താഴേപറമ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (45) പിടിയിലായത്.

നിയമാനുസരണം കൈവശം വയ്ക്കാവുന്നതിലും കൂടുതൽ അളവ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന ലക്ഷ്യമിട്ട് ഓട്ടോറിക്ഷയിൽ കടത്തിയതിനാണ് അബ്കാരി നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം. ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ രാകേഷ് ചന്ദ്രൻ, ഡ്രൈവർ കെ. രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നിലമ്പൂർ കേന്ദ്രീകരിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നു വാങ്ങി വൻ തുക ലാഭത്തിൽ വിൽപ്പന നടത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇയാൾ പിടിയിലാകുമ്പോൾ ബിവറേജ്സ് ഔട്ട്ലെറ്റിൽ നിന്നു അടിച്ചു കൊടുത്ത 10 ബില്ലുകളും ഉണ്ടായിരുന്നു. ബിവറേജ്സ് ഔട്ട്ലെറ്റിലെ ഒരു വനിതാ ജീവനക്കാരിയുടെ ഉൾപ്പെടെ ഒത്താശയോടെയാണ് ഇത്രയും ബില്ലുകൾ ലഭിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഒരു ബില്ലിന് 100 രൂപ പ്രകാരം ജീവനക്കാർക്ക് നൽകുന്നുണ്ടെന്നും ഇയാൾ മൊഴി നൽകിയതായി എക്സൈസ് അധികൃതർ പറഞ്ഞു. ആറാമത്തെ ബില്ലിൽ മദ്യം വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്.