കണ്ണൂർ: മുക്കുപണ്ടം ബാങ്കിൽ പണയം വെച്ചു ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയ കേസിലെ പ്രതി എറണാകുളത്ത് അറസ്റ്റിലായി. ചന്തപ്പുര സുഹറാസിലെ മുഹമ്മദ്റിഫാസിനെയാ(38)ണ് പൊലിസ് എറണാകുളത്തെ താമസസ്ഥലത്തു നിന്നും പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥനായ സി. ഐ. ഇൻ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പഴയങ്ങാടി എസ്. ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ നിന്നും മുക്കുപണ്ടം പണയം വെച്ചു 13,82,000രൂപ തട്ടിയെടുത്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ബാങ്ക് സീനിയർ മാനേജർ വി.ഹരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. 2022 ൽ ഒക്ടോബർ 20മുതൽ ഈ വർഷം ഫെബ്രുവരി ഒന്നുവരെയുള്ള കാലഘട്ടത്തിൽ പലദിവസങ്ങളിൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. 330.6ഗ്രാം സ്വർണമാണ് ഇയാൾ പണയംവെച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.

ആദ്യം പണയംവെച്ച സ്വർണത്തിന്റെ കാലാവധി കഴിഞ്ഞത് ഏപ്രിൽ മാസമായിരുന്നു. കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെ തുടർന്ന് ബാങ്ക് നോട്ടീസ് അയച്ചുവെങ്കിലും ഇയാൾ പ്രതികരിച്ചിരുന്നില്ല. തിരിച്ചെടുക്കാത്ത സ്വർണം സാധാരണയായി ലേലം ചെയ്തു വിൽക്കാറാണ് ബാങ്കുകൾ ചെയ്യുന്നത്. ഇതിനു മുന്നോടിയായി പണയം വെച്ച ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്.

തുടർന്ന് ആഭരണം മുറിച്ചെടുത്ത് പരിശോധിക്കാൻ ബാങ്ക് ഹെഡ് ഓഫീസിന്റെ അനുമതി തേടുകയായിരുന്നു. കഴിഞ്ഞ ജൂലായിലാണ് ഇതിനായുള്ള അനുമതി ലഭിച്ചത്. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് വ്യാജസ്വർണമാണെന്നു കണ്ടെത്തിയത്. മൂന്ന് ഗ്രാം സ്വർണം പൂശിയ പൈപ്പ് ആഭരണമായിരുന്നു ഇയാൾ പണയം വെച്ചത്. ആഭരണം തിരിച്ചെടുപ്പിച്ചു ബാങ്കിന് ലഭിക്കാനുള്ള പണം വസൂലാക്കാൻ അധികൃതർ ഇരുചെവിയറിയാതെ ശ്രമിച്ചുവെങ്കിലും മുഹമ്മദ് റിഫാസ് തയ്യാറായില്ല. പല തവണ ഇയാളെ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്നാണ് ബാങ്ക് അധികൃതർ പഴയങ്ങാടി പൊലിസിൽ പരാതി നൽകിയത്.

ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ് റിഫാസിന്റെ പ്രവർത്തന കേന്ദ്രം മലപ്പുറമാണ്. അവിടെ റിയൽ എസ്റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ തട്ടിപ്പുകളുമായി പ്രവർത്തിക്കുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ട്. പയ്യന്നൂർ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രൻ, പഴയങ്ങാടി സി. ഐ ടി. എൻ സന്തോഷ്‌കുമാർ, എന്നിവരുടെ നേതൃത്വത്തിൽ റിഫാസിനെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് എറണാകുളത്തെ രഹസ്യസങ്കേതത്തിൽ വെച്ചു ഇയാൾ പിടിയിലാകുന്നത്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.