കണ്ണൂർ : കണ്ണൂരിൽ പൊലിസിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ മയക്കുമരുന്ന് ക്വട്ടേഷൻ തലവനും കൂട്ടാളികളും അറസ്റ്റിൽ. പൊതുവാച്ചേരിയിൽ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എടക്കാട് പൊലിസിന്റെ ജീപ്പിനുനേരെ ബിയർ കുപ്പി എറിയുകയും മറ്റൊരു വാഹനത്തിൽ മറികടന്ന് ജീപ്പിലുണ്ടായിരുന്ന പൊലിസുകാർക്കു നേരെ വടിവാൾ വീശുകയും പൊലിസുകാരെ ആക്രമിക്കുകയും ചെയ്ത മയക്കുമരുന്ന് ക്വട്ടേഷൻ സംഘത്തെയാണ് പിടികൂടിയത്.

പയ്യന്നൂർ നഗരത്തിലെ ലോഡ്ജിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ കണ്ണൂർ ടൗൺ പൊലിസ് സാഹസികമായി പിടികൂടിയത്. നിരവധി കേസുകളിലെ പ്രതികളായ പൊതുവാച്ചേരിയിലെ പട്ടേറത്ത് റഹീം (32) ഇയാളുടെ സംഘത്തിൽ ഒളവണ്ണയിലെ നവീൻ എന്ന ബോണി (34) കണ്ണൂർ സിറ്റി സ്വദേശിയായ തയ്യിലിലെ ഷാനിദ് (33), കോഴിക്കോട് കോട്ടുളി സ്വദേശി നിഥിൻ (34) എന്നിവരാണ് അറസ്റ്റിലായത് . ചക്കരക്കൽ സിഐ. ശ്രീജിത്ത് കോടെരിയാണ് നാലുപേരുടെയും അറസ്റ്റു രേഖപ്പെടുത്തിയത് റഹിമിന്റെ അനുജൻ മുനീറും ഇവർക്കൊപ്പം പിടിയിലായിരുന്നുവെങ്കിലും ഇയാളെ കണ്ണൂർ ടൗൺ പൊലീസ് മറ്റൊരു വാറൻഡ് പ്രകാരം അറസ്റ്റു ചെയ്തിട്ടുണ്ട്. കാപ്പ കേസിൽ ഉൾപ്പെട്ട മയക്കുമരുന്ന് ക്വട്ടേഷൻ നേതാവാണ് റഹീമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെ രണ്ടരയോടെയാണ് പൊതുവാച്ചേരിയിലെ റഹീമിന്റെ വീട്ടു പരിസരത്ത് വെച്ചു റഹീമും ഇയാൾ നിയോഗിച്ച ക്വട്ടേഷൻ ടീമും പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് വാഹനത്തെ പിൻതുടർന്ന് അക്രമിച്ചത്. ബിയർ കുപ്പി എറിഞ്ഞതു കാരണം ജീപ്പിന്റെ സൈഡ് ഗ്‌ളാസ് പൊട്ടിയതു കാരണം ജീപ്പിന്റെ പിൻസീറ്റിലിരുന്ന എടക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസുകാരായ ലവൻ, അനിൽ, അജേഷ് എന്നിവർക്ക് പരുക്കേറ്റിരുന്നു. ഇവർ പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

പ്രതികൾ ബിയർ കുപ്പിയും കല്ലുമെറിഞ്ഞതിനാൽ പൊലിസ് ജീപ്പിന്റെ ചില്ലു തകരുകയും കേടുപാടുകൾ പറ്റുകയു ചെയ്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റഹീമിന്റെ വീട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം നേരത്തെ കണ്ടുകെട്ടിയതാണ്. പൊതുവാച്ചേരിയിലെ ഇതേ വീട്ടിൽ വീണ്ടും റഹീമിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലിസ് രാത്രികാല പട്രോളിങിന്റെ ഭാഗമായി ഇവിടെ നിരീക്ഷണത്തിനെത്തിയതായിരുന്നു.

കർണാടക രജിസ്‌ട്രേഷനുള്ള കാറിലെത്തി റഹിമും കൂട്ടാളികളും പൊലീസിനെ അക്രമിക്കുകയായിരുന്നു. കണ്ണൂർ എ സി പി ടി.കെ രത്‌ന കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകം സംഘം രൂപീകരിച്ചാണ് പ്രതികൾക്കായി അന്വേഷണം വ്യാപിച്ചിരുന്നത്. കണ്ണൂർ ടൗൺ സിഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് പയ്യന്നുരിൽ പ്രതികളെ അറസ്റ്റു ചെയ്തത്. റഹിമിനും കൂട്ടാളി നവീനുമെതിരെ നിലവിൽ കാപ്പ കേസുണ്ട്. 23 കേസുകളിൽ പ്രതിയാണ് റഹീം. പൊലിസിനും ജനങ്ങൾക്കും നിരന്തരം തലവേദനയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിനാണ് ആളൊഴിഞ്ഞ വീട്ടിൽ ഇവർ തമ്പടിച്ചിരുന്നത്.