കണ്ണൂർ: പൂട്ടിയിട്ട വീടുകൾ കുത്തിതുറന്ന് കവർച്ച നടത്തുന്ന കാപ്പകേസിലെ പ്രതിയായ യുവാവിനെ മറ്റൊരു കേസിൽ കൂടി പൊലിസ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും അറസ്റ്റു രേഖപ്പെടുത്തി. കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിൽ വീടുകുത്തിതുറന്ന് ഇരുപത്തിയഞ്ചു പവൻ ആഭരണങ്ങൾകവർന്ന കേസിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതിയെ അറസ്റ്റു ചെയ്തത്.

കാഞ്ഞങ്ങാട് ആവിക്കരസ്വദേശി ആഷിഫിനെയാ(22)ണ് പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ മോഷണകേസിൽ അറസ്റ്റിലായപ്പോഴാണ് ആനയിടുക്കിലെ മോഷണത്തിൽ ഇയാൾക്ക് പങ്കുള്ളതായി തെളിഞ്ഞത്. തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കസ്റ്റഡിയിലടെുത്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആനയിടുക്ക് റെയിൽവെ ഗേറ്റിനു സമീപത്തു താമസിക്കുന്ന വ്യാപാരിയായ സിദ്ദിഖിന്റെ(57) വീടുകുത്തിതുറന്നാണ് ഇയാൾ കവർച്ച നടത്തിയത്. വീട്ടുകാർ വീടുപൂട്ടി പുറത്തേക്ക് പോയി രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറികളിലെയും മറ്റുവസ്ത്രങ്ങളും സാധനസാമഗ്രികളും വാരിവലിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച ഇരുപത്തിയഞ്ചു പവൻ ആഭരണങ്ങൾ മോഷണം പോയതായി തിരിച്ചറിഞ്ഞത്.

കണ്ണപുരത്തെ വീട്ടിൽകവർച്ച നടത്തിയ കേസിൽ ആഷിഫ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. അവിടെ വച്ചാണ് പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയത്. പൂട്ടിയിട്ട വീടുകൾ നേരത്തെ നോക്കിവെച്ചു രാത്രികാലങ്ങളിൽ അവിടെയെത്തി കുത്തിതുറന്ന് കവർച്ച നടത്തിവരികയായിരുന്നു ആഷിഫ്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ നീലേശ്വരം റെയിൽവെ സ്റ്റേഷനു സമീപത്തുനിന്നും കണ്ണൂർ ടൗൺ സി. ഐ പി. എ ബിനുമോഹന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ മറ്റുചില കവർച്ചാക്കേസുകളുമായി ബന്ധമുണ്ടെന്ന് തെളിയുകയായിരുന്നു. കണ്ണൂർ ജില്ലയിലെ വളപട്ടണം, പഴയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ച ആഷിഫ് മോചിതനായതിനു ശേഷം വീണ്ടും കവർച്ച തുടരുകയായിരുന്നു.പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ചു ഒറ്റയ്ക്കാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്.