- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയപ്പകയിൽ യുവതിയെ വീട്ടിൽ കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് കോഴിക്കോട്ടുനിന്നും പിടികൂടി
കണ്ണൂർ: പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ വൈരാഗ്യത്താൽ യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും കമ്പിപാരകൊണ്ടു തലയ്ക്കടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. സംഭവം നടന്ന് നാലുമാസത്തിനു ശേഷമാണ് പ്രതിയെ പൊലിസ് അറസ്റ്റു ചെയ്യുന്നത്.
എടക്കാട് ഗോവിന്ദ ഭവനത്തിൽ വാടകവീട്ടിൽ താമസക്കാരനായ ടി. ഫയറുസിനെയാ(44)ണ് എടക്കാട് സി. ഐ സുരേന്ദ്രൻ കല്യാടൻ അറസ്റ്റു ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യലോഡ്ജിൽ ഒളിവിൽ താമസിച്ചുവരികെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.എടക്കാട് ഒ.കെ യു.പി സ്‌കൂളിനടുത്തെ വീട്ടിൽ താമസക്കാരിയായ 44-വയസുകാരിയാണ് വധശ്രമത്തിനിരയായത്. ഇവർ തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
യുവതിക്ക് ആദ്യ വിവാഹബന്ധത്തിൽ മക്കളുണ്ട്. എന്നാൽ ഫയറൂസിന്റെ അനുവാദമില്ലാതെ യുവതി ഒരുവീട്ടിൽ ജോലിക്ക് പോയതിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് ഇരുവരും തെറ്റിപിരിയുകയായിരുന്നു. യുവതി പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറിയതോടെ പ്രണയവൈരാഗ്യമായി അതു മാറി. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഫയറൂസ് വീട്ടിൽ കയറി അക്രമം നടത്തിയത്.
മാറിടത്തിലും വയറിലും യുവതിയെ കുത്തിപരുക്കേൽപ്പിക്കുകയും തലകമ്പിപാര കൊണ്ടു അടിച്ചുതകർക്കുകയുമായിരുന്നു. രണ്ടരമാസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി ഇപ്പോൾ വീട്ടിൽ കിടപ്പിലാണ്. വധശ്രമത്തിന് ശേഷം ഫോണെടുക്കാതെ നാടുവിട്ട ഫയറൂസിനെ കണ്ടെത്താൻ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
ഇതിനിടെ തിങ്കളാഴ്‌ച്ച പുലർച്ചെ അക്രമത്തിനിരയായ യുവതിയുടെ ഫോണിലേക്ക് ഒരു മിസ് കോൾ വരികയും പൊലിസിന് വിവരം ലഭിച്ചതു പ്രകാരം ഇയാൾ കോഴിക്കോടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. അറസ്റ്റു ചെയ്തതിനു ശേഷം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഫയറൂസിന് രക്തസമ്മർദ്ദം വർധിച്ചതിനെ തുടർന്ന് ആശുപത്രിയിലാക്കുകയും അർധരാത്രിയോടെ മജിസ്ട്രേറ്റിന്റെ വസതിൽ ഹാജരാക്കി ആരോഗ്യനില വീണ്ടെടുത്തതിനു ശേഷം കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു.