കണ്ണൂർ: ഓൺലൈൻ പ്ളാറ്റ് ഫോം വഴിയുള്ള കാർ വിൽപനയുടെ മറവിൽ തലശേരി നഗരത്തിൽ പട്ടാപ്പകൽ തമിഴ്‌നാട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി 1,65,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ഉളിക്കൽ മണിപ്പാറ സ്വദേശി ഇർഷാദിനെ(31) തലശേരി ടൗൺ പൊലിസ്് അറസ്റ്റു ചെയ്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ താനുൾപ്പെടെ റയീസ്, രഞ്ചിത്ത്, ജിനീഷ് എന്നിവരാണുണ്ടായിരുന്നതെന്ന് അറസ്റ്റിലായ പ്രതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.

മറ്റുപ്രതികൾ സംഭവത്തിനു ശേഷം മുങ്ങിയിരിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്‌നാട് ഈറോഡ് സ്വദേശികളായ സുധാകർ, യോഗരാജ് എന്നിവരാണ് തട്ടിപ്പിനിരയായത്.ഫെയ്സ് ബുക്കിലൂടെമാരുതികാർ സ്വിഫ്റ്റ് കാൽ വിൽപനയ്ക്കുണ്ടെന്ന് പരസ്യം ചെയ്താണ് തമിഴ്‌നാട് സ്വദേശികളെ അക്രമി സംഘംതന്ത്രപരമായി തലശേരിയിലെത്തിച്ചത്.

തിങ്കളാഴ്ച രാവിലെ കാർ വാങ്ങാനെത്തിയവരെ തലശേരി റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും ടെസ്റ്റ് ഡ്രൈവിങിനെന്ന വ്യാജെനെ കയറ്റി മാഹി ദേശീയപാതയിലേക്ക് പോകും വഴി മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന പണം കൊള്ളയടിക്കുകയുമായിരുന്നു. അവശനിലയിലായ തമിഴ്‌നാട് സ്വദേശികളെ റോഡിലിറക്കി വിട്ടാണ് സംഘം രക്ഷപ്പെട്ടത്. അവശനിലയിൽ സുധാകറും യോഗരാജും തലശേരി ടൗൺ പൊലിസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു.

എസ്. ഐ സജേഷ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒരാൾ അറസ്റ്റിലായത്. മണിപാറയിലെ വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു. പണംതട്ടിയെടുക്കുന്നതിനായി നാലംഗസംഘം ആസൂത്രിതമായ ഗൂഢാലോചന നടത്തിയതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇർഷാദും സംഘവും കണ്ണൂർ ജില്ലയിലെ മറ്റിടങ്ങളിലും ഇത്തരത്തിലുള്ള കൊള്ള നടത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്.