- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായയെ ബ്രീഡ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചു
അടൂർ: നായയെ ബ്രീഡ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടിയെന്ന് ആരോപിച്ച് കാപ്പ കേസ് പ്രതിയെ മറ്റ് രണ്ടു കാപ്പകേസ് പ്രതികൾ അടക്കം മൂന്നു പേർ ചേർന്ന് വീട്ടു തടങ്കലിലാക്കി മർദിച്ചുവെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ സ്വദേശിയായ കാപ്പ കേസ് പ്രതി ജെറിൻ ടി. ജോർജി(24)നാണ് മർദനമേത്. കാർത്തിക്, കാപ്പ കേസ് പ്രതികളായ വിഷ്ണു വിജയൻ, ശ്യാം എന്നിവർക്കെതിരേയാണ് കേസ്. മറ്റ് രണ്ടു കാപ്പാകേസ് പ്രതികളുടെ വീട്ടിൽ വച്ചാണ് മർദനം നടന്നത് എന്നായിരുന്നു ജെറിന്റെ മൊഴി.
ജനുവരി 24 നാണ് സംഭവം. മർദനമേറ്റ് അവശനിലയിലായ ജെറിനെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിടുകയായിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയ ഇയാൾ പിന്നീട് ഇവിടെ നിന്ന് മുങ്ങി. ഏനാദിമംഗലം സ്വദേശികളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവടെ വീട്ടിൽ വച്ചാണ് മർദനമേറ്റത് എന്നായിരുന്നു അന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരോട് ജെറിൻ പറഞ്ഞത്. വാരിയെല്ലിന് പരുക്കും ജനനേന്ദ്രിയത്തിൽ പൊള്ളലുമുണ്ടെന്നാണ് ഡോക്ടർമാർ പൊലീസിന് നൽകിയ വിവരം. ഇത് അറിഞ്ഞ് പൊലീസ് ചെന്നപ്പോഴേക്കും ജെറിൻ ആശുപത്രിയിൽ നിന്ന് മുങ്ങി. അവശനിലയിലായിട്ടും ഇയാൾ ഒരു ബൈക്കിലാണ് പോയതെന്നാണ് പറയുന്നത്.
ഗുരുതരമായി പരുക്കേറ്റ ജെറിൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിൽസ തേടി. അവിടെ നിന്ന് വീണ്ടും അടൂർ പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പു വന്നു. എന്നാൽ, അവിടേക്ക് പോകാനോ മൊഴി എടുക്കാനോ അടൂർ പൊലീസ് തയാറായില്ല. വിവരം അറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഇടപെട്ടാണ് അടൂർ പൊലീസ് കണ്ണൂരിലെത്തി മൊഴി എടുത്തത്. മൊഴിപ്രകാരമാണ് മൂന്നു പേരെ പ്രതികളാക്കി കേസ് എടുത്തത്.
വിയ്യൂർ ജയിലിൽ ആയിരുന്ന സൂര്യലാലും ചന്ദ്രലാലും അവിടെ വച്ച് പരിചയപ്പെട്ടയാളാണ് ജെറിൻ. ഈ സൗഹൃദത്തിന്റെ പേരിൽ ജനുവരി ഒന്നിന് ഒഴുകുപാറയിലെ സൂര്യലാലിന്റെ വീട്ടിൽ വന്നതാണ് ജെറിൻ. പിഗ്ബുൾ ഇനത്തിൽപ്പെട്ട നായയെ ബ്രീഡ് ചെയ്യിക്കുന്ന ബിസിനസ് തുടങ്ങാൻ വേണ്ടിയാണത്രേ ജെറിൻ ഇവിടെ വന്നത്. സൂര്യലാലും ചന്ദ്രലാലും ജെറിനും ചേർന്ന് സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു. വിഷ്ണു വിജയനിൽ നിന്ന് നായയെ ബ്രീഡ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് 15,000 രൂപ കൈപ്പറ്റി. ബ്രീഡ് ചെയ്തു കൊടുക്കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് മർദിച്ചത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.