കണ്ണൂർ: കണ്ണൂൂർ - കാസർകോട് ജില്ലകളിലെ അതിർത്തി പ്രദേശവും മലയോരമേഖലയുമായ ചെറുപുഴ പ്രാപ്പൊയിലിൽ സുഹൃത്തിനെതിരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. പ്രാപ്പൊയിൽ സ്വദേശി പെരുംതടത്തിൽ തോപ്പിൽ രാജേഷനെതിരെ(49)യാണ് ആസിഡ് ആക്രമണം നടന്നത്.

ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശി റോബിനെയാണ് ചെറുപുഴ പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്‌ച്ച രാവിലെ ചെറുപുഴ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി ദിനേഷിന്റെ നേതൃത്വത്തിൽ പ്രതിയെ തെളിവെടുപ്പിനായി രാജേഷിന്റെ പ്രാപ്പെയിൽ പെരുന്തടത്തിലെ വീട്ടിലെത്തിച്ചിരുന്നു.

വീടിന്റെ സമീപത്തുള്ള റബർ തോട്ടത്തിൽ നിന്നും ഇയാൾ ആസിഡ് പകർന്നെടുത്ത ഒരുകപ്പ് കണ്ടെടുത്തിട്ടുണ്ട്. മരപ്പണിക്കാരനായ രാജേഷും റോബിനും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. അടുത്ത കാലത്തായി റോബിന്റെ കുടുംബപ്രശ്നത്തിൽ രാജേഷ് ഇടപെട്ടതിന്റെ വിരോധമാണ് ആസിഡ് അക്രമത്തിൽ കലാശിച്ചതെന്നു പൊലിസ് പറഞ്ഞു.

സംഭവസമയം മദ്യലഹരിയിലായിരുന്നു റോബിൻ. മരംമുറി തൊഴിലാളിയാണ് രാജേഷ്.കഴിഞ്ഞ ദിവസം നിലഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ നിന്നും രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ഒരുകണ്ണിന്റെ കാഴ്‌ച്ച പൂർണമായും നഷ്ടമായിട്ടുണ്ട്.

വലതുകണ്ണിന്റെ കാഴ്‌ച്ചയാണ് നഷ്ടപ്പെട്ടത്. ഇടതുകണ്ണിന്റെ അവസ്ഥയും ഗുരുതരമാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരും ബന്ധുക്കളും പറയുന്നത്.റോബിൻ നടത്തിയ ആസിഡ് അക്രമത്തിൽ രാജേഷിന്റെ നെഞ്ചിനും വയറിനും കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. മദ്യലഹരിയിൽ നടത്തിയ അക്രമത്തിന് ശേഷം ഒളിവിൽ പോയ റോബിൻ ചെറുപുഴ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

വധശ്രമത്തിനുംസ്ഫോടക വസ്തുകൈക്കാര്യം ചെയ്തതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ചെറുപുഴ പൊലിസ് അറിയിച്ചു. ചെറുപുഴ സി. ഐ ടി.പി ദിനേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്. തന്റെ കുടുംബവിഷയത്തിൽ രാജേഷ് അനാവശ്യമായി ഇടപെട്ടതാണ് അക്രമിക്കാൻ കാരണമെന്നാണ് ഇയാൾ പൊലിസിന് നൽകിയ കുറ്റസമ്മത മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.