കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ വളപട്ടണത്ത് വീടുകുത്തിതുറന്ന് പത്തുപവന്റെ സ്വർണാഭരണം കവർച്ച ചെയ്ത കേസിലെ മുഖ്യ ആസൂത്രകനായ തളിപറമ്പ് സ്വദേശിയുൾപ്പെടെ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു. ചിറക്കൽ സ്വദേശി ശിവക്ഷേത്രത്തിന് സമീപത്തെ പനമരത്തിൽ ഹൗസിൽ കെ.സന്തോഷ്(37) തളിപറമ്പ്മുക്കുന്ന് പോള ഹൗസിൽ കുമാരൻ (48) എന്നിവരെയാണ് വളപട്ടണം എസ്. ഐ എ, നിധിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

ഈ കേസിൽ ചിറക്കൽ ആർപ്പാൻ തോട് രാജാസ് സ്‌കൂളിന് സമീപത്തെ പച്ചഹൗസിൽ കെ.പി ജിതേഷിനെ(46) നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പിടിയിലായ സന്തോഷ് ഇപ്പോൾ കണ്ണൂർ നഗരത്തിലെ ചെട്ടിപ്പീടികയ്ക്കു സമീപത്താണ് താമസിക്കുന്നത്. നേരത്തെ അറസ്റ്റിലായ ജിതേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയിൽ സന്തോഷിന് പങ്കുണ്ടെന്ന് വ്യക്തമായത്.

സന്തോഷിനെ ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ണൂർ, തലശേരി എന്നിവടങ്ങളിലെ ജൂവലറികളിൽ വിൽപന നടത്തിയതായി മൊഴി നൽകിയിരുന്നു. ഈ ജൂവലറികളിൽ നിന്നും പൊലിസ് തൊണ്ടി മുതൽ കണ്ടെടുത്തിട്ടുണ്ട്. പോളകുമാരനാണ് കവർച്ച ആസൂത്രണം ചെയ്തെന്നാണ് പൊലിസ് പറയുന്നത്. ഇതേ തുടർന്നാണ് തളിപറമ്പ് മുക്കുന്നിലെത്തി കുമാരനെ പിടികൂടിയത്. ഇയാളുടെ താമസസ്ഥലത്തു നിന്നും കവർച്ചയ്ക്കു ഉപയോഗിച്ച കമ്പിപാരയും മറ്റും കണ്ടെത്തിയിട്ടുണ്ട്.

സന്തോഷും കുമാരനും നേരത്തെ നിരവധി കവർച്ചാക്കേസുകളിൽ പ്രതിയാണെന്നു പൊലിസ് പറഞ്ഞു. ജയിലിൽ വച്ചാണ് ജിതേഷും സന്തോഷും കുമാരനും പരിചയപ്പെട്ടത്. ജയിൽ മോചിതനായി ശേഷം കണ്ണൂർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ചു ജീവിച്ചുവരികയായിരുന്നു കുമാരനും ജിതേഷും. ഇതിനിടെയാണ് കവർച്ച നടത്താനുള്ള വീടുകൾ നോക്കിവയക്കുന്നത്. വളപട്ടണം പുന്നാരപാറയിലെ രമണിയുടെ പൂട്ടിക്കിടക്കുന്ന വീടു കുത്തിതുറന്നാണ് കഴിഞ്ഞ ജനുവരി ഏഴിന് ഇവർ പത്തുപവൻ കവർച്ച നടത്തിയത്. അന്വേഷണത്തിൽ എ. എസ്. ഐ ഷാജി, സി.പി.ഒ കിരൺ എന്നിവരും പങ്കെടുത്തു,