ആലപ്പുഴ: കായംകുളത്ത് മകന്റെ അടിയേറ്റ് അമ്മ കൊല്ലപ്പെട്ടു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകൻ ബ്രഹ്‌മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനെത്തിച്ചപ്പോൾ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ മകൻ ബ്രഹ്‌മദത്തനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.