- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ തട്ടിപ്പ് കേസിൽ കൊല്ലം സ്വദേശി പിടിയിൽ
കണ്ണൂർ: കണ്ണൂർ കൊറ്റാളി സ്വദേശിനിയിൽ നിന്നും വാട്സ് ആപ്പിലൂടെ ബന്ധപ്പെട്ട് പണം തട്ടിയെടുത്തുന്നുവെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലിസ് ഒരാളെ അറസ്റ്റു ചെയ്തു. എച്ച് ഡി എഫ് സി സ്മാർട്ട് ഫണ്ടിങ്ങിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉണ്ടെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച് രണ്ടുലക്ഷംരൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ ഉൾപെട്ട പ്രതിയായ വിനീത് കുമാർ എന്നയാളെ കൊല്ലം ജില്ലയിലെ കുന്നികോട് പഞ്ചായത്തിലെ വിളക്കുടി എന്ന സ്ഥലത്ത് വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പരാതിക്കാരിയിൽ നിന്നും 42 ദിവസം നിക്ഷേപിച്ചാൽ ഏഴുശതമാനം പലിശ ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയത്. 1,00,000 രൂപയാണ് അറസ്റ്റിലായ വിനീത് കുമാർ എന്നയാളുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ എത്തിയത്. പ്രതി ഉൾപെടുന്ന ഒരു സംഘമാണ് ഇതിനു പിന്നിൽ എന്ന് അന്വേഷണത്തിൽ നിന്നും മനസിലായതായി പൊലിസ് അറിയിച്ചു.
നഷ്ടപ്പെട്ട തുക ട്രാൻസ്ഫറായ അക്കൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോൺ നമ്പരുകളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്ന് സിറ്റി പൊലിസ് കമ്മിഷണർആർ. അജിത്ത്കുമാർ അറിയിച്ചു.
മറ്റൊരുസംഭവത്തിൽ പാനൂർ സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ 30,000 രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.ടെലഗ്രാം ആപ്പിലൂടെ പരിചയപ്പെട്ട് പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് സൈബർ തട്ടിപ്പുകാർ പണം കൈക്കലാക്കുകയായിരുന്നു.
എസ് ബി ഐ യോനോ റിവാർഡ് പോയിന്റ് റഡീം ചെയ്യുന്നതിനായി ഫോണിൽ മെസ്സേജ് വരികയും അതിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെ തുടർന്ന് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവതിക്ക് അക്കൗണ്ടിൽ നിന്നും 25,000 രൂപ നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
വ്യാജ വെബ്സൈറ്റ് വഴി പേർസണൽ ലോണിനു അപേക്ഷിച്ച എളയാവൂർ സ്വദേശിയായ യുവാവിന് 8,450 രൂപ നഷ്ടപ്പെട്ടു . പ്രോസിസ്സിങ് ഫീസ് എന്ന വ്യാജേന ആണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്. ടെലഗ്രാമിൽ വ്യാജ പരസ്യം കണ്ട് സാധനം വാങ്ങുന്നതിന് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 3,500 രൂപ നഷ്ടപ്പെട്ടു. ആവശ്യപ്പെട്ട തുക ലഭിച്ചതിനു ശേഷം ഓർഡർ ചെയ്ത സാധനം നൽകാതെ കബളിപ്പിക്കുകയായിരുന്നു.
വ്യാജമായ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ചു പണം അയച്ചു നൽകിയ ചക്കരക്കൽ സ്വദേശിക്ക് 64,800 രൂപ നഷ്ടമായെന്ന പരാതിയിലും പൊലിസ് കേസെടുത്തിട്ടുണ്ട്. നിക്ഷേപിക്കുന്ന പണത്തിനനുസരിച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്.
ഒരു യഥാർത്ഥ കമ്പനി ഒരിക്കലും ജോലി വാഗ്ദാനം ചെയ്യുമ്പോൾ പണം ആവശ്യപ്പെടാറില്ലെന്നുംഅജ്ഞാത പേമെന്റ് സൈറ്റുകളിലൂടെ ഒരിക്കലും പണം അയക്കരുതെന്നും തൊഴിൽ അന്വേഷകർ ജാഗ്രതപുലർത്തണമെന്നും കണ്ണൂർ സൈബർ സെൽ സി. ഐ സനൽകുമാർ അറിയിച്ചു.