പത്തനംതിട്ട: മാരാമണിൽ റിസോർട്ട് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാക്കളെ മുൻവിരോധം കാരണം ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി പുലൂർ വീട്ടിൽ നിന്നും വരയന്നൂർ സാബുവിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന എബി അൽഫോൻസ് (30), ചിറയിറമ്പ് മേച്ചിറ എന്ന സ്ഥലത്ത് മേച്ചിറയിൽ വീട്ടിൽ ഷെറിൻ ജോയ് (34), കുറിയന്നൂർ കുഴിമണ്ണിൽ സെബാൻ എന്നുവിളിക്കുന്ന സെബാസ്റ്റ്യൻ (34) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാത്രി ഏഴിന് ബാറിന്റെ പാർക്കിങ് സ്ഥലത്തുവച്ചാണ് സംഭവം. സുഹൃത്തുക്കളായ നാരങ്ങാനം നോർത്ത് അഞ്ചുതോട് കുഴിത്തടത്തിൽ അരുൺ (25), റോഷൻ, അനൂപ് എന്നിവർക്കാണ് ക്രൂരമർദ്ദനം ഏറ്റത്. റോഷനെയും അനൂപിനെയും ഉപദ്രവിക്കുന്നത് കണ്ട് തടസം പിടിച്ചപ്പോഴാണ് അരുണിനെ സൈക്കിൾ ചെയിനും സോഡാ കുപ്പിയും കൊണ്ട് പ്രതികൾ ആക്രമിച്ചത്.

ഇരുതോളുകളിലും മുതുകിലും സൈക്കിൾ ചെയിൻ കൊണ്ട് തുരുതുരാ അടിക്കുകയും, സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് പിന്നിൽ അടിക്കുകയുമായിരുന്നു. മൂവരെയും തല്ലിച്ചതച്ച അക്രമികളിൽ നിന്നും രക്ഷപ്പെടാനായി ഇവർ കാറിൽ കയറിയപ്പോൾ കണ്ണാടി പ്രതികൾ അടിച്ചുപൊട്ടിച്ചു. അരുണിന്റെ തലയ്ക്കും വലതുകൈ വിരലുകൾക്കും ആഴത്തിൽ മുറിവേറ്റു. തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ ഉടനടി പിടികൂടുകയായിരുന്നു.

പ്രതികളുടെ ശരീരത്തും പരുക്കുപറ്റിയ പാടുകൾ കണ്ടെത്തി. പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. കൂടുതൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രതികൾ ആക്രമിക്കാൻ ഉപയോഗിച്ച മാരകായുധങ്ങൾ കണ്ടെത്തേണ്ടതുണ്ട്. എസ്‌ഐ മുഹ്സിൻ മുഹമ്മദ്, സി.പി.ഓമാരായ ശ്രീജിത്ത്, ശശികാന്ത്, വിപിൻ രാജ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.