അടൂർ: ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. ഏഴംകുളം മണപ്പുറം ഗോൾഡ് ലോൺ എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ തട്ടിയെടുത്ത വയല അറുകാലിക്കൽ വെസ്റ്റ് മാളിക കിഴക്കേതിൽ വീട്ടിൽ സാജ(32)നെയാണ് പൊലീസ് പിടികൂടിയത്. ഏപ്രിൽ അവസാന ആഴ്ചയാണ് പ്രതി മുക്കുപണ്ടം പണയം വെച്ച് പണം കൈപ്പറ്റിയത്. സ്ഥാപനത്തിന് സമീപം താമസിക്കുന്ന ഇയാൾ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, ആശുപത്രിയിലെ ചികിത്സാ ആവശ്യത്തിലേക്കെന്നു പറഞ്ഞ് സ്വർണമാണെന്ന് വിശ്വസിപ്പിച്ച് 916 മുദ്ര പതിപ്പിച്ച മുക്കുപണ്ടം നൽകുകയായിരുന്നു.

പണം കൈപ്പറ്റി ഇയാൾ പോയ ശേഷം, സംശയം തോന്നിയ ജീവനക്കാർ ഉരച്ചു നോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് മനസ്സിലാക്കിയപ്പോൾ ഇയാൾ മുങ്ങി. കോട്ടയത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ സമാനരീതിയിൽ വിവിധ സ്ഥലങ്ങളിൽ സ്വർണം പണയം വെച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട്.

പ്രതിയുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, അടിപിടി, തീവയ്പ് അടക്കം പത്തിലധികം കേസുകൾ നിലവിലുണ്ട്. യഥാർത്ഥ സ്വർണാഭരണങ്ങളെ വെല്ലുന്ന മുക്കുപണ്ടങ്ങൾ ആണ് ഇത്തരം ആളുകൾ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ ഇത്തരം സ്വർണങ്ങളുടെ പരിശുദ്ധി പരിശോധിക്കാൻ സംവിധാനം ഇല്ലാത്തതും പ്രതികൾക്ക് അനുകൂല ഘടകമാണ്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൂരക്കോട്, അന്തിച്ചിറ മേഖലകളിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവ്, എസ്‌ഐ എം പ്രശാന്ത്, എസ്.സി.പി.ഓമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി.