കണ്ണൂർ: കണ്ണൂരിനെ നടുക്കിയ കവർച്ചാശ്രമക്കേസിലെ പ്രതികളെ പൊലിസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ അറസ്റ്റു ചെയ്തു. ഒരാഴ്‌ച്ചയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. കണ്ണൂർ കോർപറേഷനിലെ ചാലാട് കവർച്ചയ്ക്ക് എത്തിയപ്പോൾ ശബ്ദം കേട്ടു ഉണർന്ന വീട്ടുകാരെ അക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളും ഏറെക്കാലമായി കണ്ണൂർ ജില്ലയിൽ താമസിക്കുകയും ചെയ്യുന്ന വാരം മതുക്കോത്തെ പി.വി സൂര്യൻ, വലിയന്നൂരിലെ ആനന്ദൻ എന്നിവരെയാണ് ശനിയാഴ്ച രാവിലെ വലിയന്നൂരിൽ വെച്ചു കണ്ണൂർ ടൗൺ പൊലിസ് പിടികൂടിയത്.

ജൂൺ പതിനാറിന് പുലർച്ചെ ചാലാട് അമ്പലത്തിന് സമീപം വെച്ചു കെ.വി കിഷോറിന്റെ വീട്ടിലാണ് പ്രതികൾ കവർച്ചയ്ക്കായി കയറിയത്. ഇതിനിടയിൽ ഉണർന്ന വീട്ടുകാർ കവർച്ചാ സംഘത്തെ പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെ കിഷോറിന്റെ ഭാര്യ ലിനി(43) മകൻ അഖിൻ എന്നിവർക്ക് പരുക്കേറ്റു. തുറന്നിട്ട അടുക്കള വാതിൽ വഴി അകത്തേക്കു കയറി മോഷ്ടാക്കൾ പാചകം ചെയ്യുകയായിരുന്ന ലിനിയെ തള്ളിയിട്ടതിനു ശേഷം കഴുത്തിലണിഞ്ഞ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ലിനിയുടെ നിലവിളി കേട്ടു മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ അഖിൻ ഓടിവരികയുമായിരുന്നു.

നിലത്തുവീണ അമ്മയെ മോഷ്ടക്കാൾ കടന്നാക്രമിക്കുന്നതാണ് അഖിൻ കാണുന്നത്. ഉടൻ തന്നെ അടുക്കളയിലുണ്ടായിരുന്ന സ്റ്റൂളെടുത്ത് മോഷ്ടാക്കളെ യുവാവ് മർദ്ദിക്കുകയായിരുന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ചു മോഷ്ടാക്കളും അഖിനെ തിരിച്ചു മർദ്ദിച്ചു. അഖിനിന്റെ ഷോൾഡറിന് ഇതുകാരണം പരുക്കേറ്റു.

ഈ സമയം ലിനിയുടെ ഭർത്താവ് കിഷോർ ബാത്ത്റൂമിലായിരുന്നു. വീട്ടുകാർ ഉണർന്നപ്പോഴും മോഷ്ടാക്കൾ അവരെ അക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയം മോഷണ സംഘത്തിലെ മൂന്നാമൻ വീടിനു പുറത്ത് കാവൽ നിൽക്കുകയായിരുന്നു. ബഹളമുണ്ടായപ്പോൾ മൂന്നുപേരും അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനു മുൻപായി ഇവർ കിഷോറിന്റെ അയൽവാസി രൂപേഷിന്റെ വീട്ടിലും മോഷണ ശ്രമം നടത്തിയിരുന്നു. പ്രദേശത്തെ ആറോളം സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലിസ് കേസ് അന്വേഷണം മുൻപോട്ടുകൊണ്ടു പോയത്. ഒടുവിൽ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.

സംഘത്തിലെ മൂന്നാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു. കണ്ണൂർ ടൗൺ സി. ഐ. ടോണി ജെ.മറ്റം, എസ്. ഐമാരായ സവ്യസാചി, പി.പി ഷമീൽ, എം. അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കവർച്ചകളും ഭവനഭേദനവും വ്യാപകമായ സാഹചര്യത്തിൽ പൊലിസ് രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. പയ്യന്നൂർ മേഖലയിലും മഴയുടെ മറവിൽ നിരവധി മോഷണങ്ങളാണ് നടന്നത്. രാമന്തളിയിലാണ് നിരവധി വീടുകളിൽ മോഷ്ടാക്കൾ കയറിയത്. ഇതരസംസ്ഥാനകവർച്ചാ സംഘങ്ങളും ജില്ലയിലെത്തിയിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന വിവരം.