കണ്ണൂർ : കണ്ണൂർ നഗരത്തിലെ ജൂവലറി ഉടമയിൽ നിന്ന് പണയ സ്വർണമെടുക്കാനെന്ന വ്യാജേന 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികൾ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ 24 മണിക്കൂറിനുള്ളിൽ മട്ടന്നൂർ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ നഗരത്തിലെ ജൂവലറി ഉടമയായ കീഴുത്തള്ളിയിലെ പി.വി. ദിനേശന്റെ കൈയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തേയാണ് കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ മട്ടന്നൂർ പൊലിസ് ഇൻസ്‌പെക്ടർ ബി എസ് സാജന്റെ നേതൃത്വത്തിൽ പൊലിസ് സംഘം പിടികൂടിയത്.

സിസി ടി വി ദൃശ്യം പരിശോധിച്ചതിൽ നിന്നും ഒരു വ്യക്തിയെ ഞായറാഴ്ച രാത്രി തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പ്രതിയെ പിന്തുടരുകയും സംശയം തോന്നിയ പ്രതി വാഹനവുമായി അമിത വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികളെ തിങ്കളാഴ്ച പുലർച്ചയോടുകൂടി പിടികൂടുകയുമായിരുന്നു. പഴശ്ശി ഡാമിന് സമീപം കെ.റസാഖ് (38) ഉളിയിൽ സ്വദേശി പി.കെ. റഫീഖ് (39) ഭാര്യ റഹിയാനത്ത് (33) പുതിയങ്ങാടി സ്വദേശി അഷ്‌റഫ് എന്ന മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.

മട്ടന്നൂരിലെ ഒരു ബാങ്കിൽ പണയം വെച്ച സ്വർണം എടുക്കാനെന്നു പറഞ്ഞാണ് ഇവർ തന്ത്രപരമായി 14 ലക്ഷം രൂപ കൈക്കലാക്കിയത്. ആദ്യം 15 ലക്ഷം രൂപയാണ് വാങ്ങിയത്. എന്നാൽ പണം ലഭിച്ച ശേഷം 14 ലക്ഷം രൂപ മതി എന്നു പറഞ്ഞ് ഒരു ലക്ഷം രൂപ തിരികെ നൽകി വിശ്വാസം ആർജ്ജിക്കുകയും ചെയ്തു. കൈക്കലാക്കിയ 14 ലക്ഷം രൂപ തുല്യമായി പങ്കുവെച്ചതായി പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

പ്രത്യേക മൊബൈൽ ഫോണും, വാട്‌സ് ആപ്പ് നമ്പറും പ്രതികൾ ഉപയോഗിച്ചതായി സി ഐ പറഞ്ഞു. ജൂവലറി ഉടമകളെ ഫോണിൽ വിളിച്ച് ബാങ്കിൽ സ്വർണം പണയം വെച്ചിട്ടുണ്ടെന്നും അത് എടുക്കാൻ പണം വേണമെന്നും എടുത്ത സ്വർണം ജല്ലറി ഉടമക്ക് തന്നെ വില്ക്കാമെന്നും ഭാര്യ ബാങ്കിനു മുന്നിൽ ഉണ്ടെന്നും റഫീഖ് പറയും. ജൂവലറി ഉടമയെ പരിചയപ്പെട്ട് പണം വാങ്ങുന്നത് റഹിയാത്ത് ആണ്. ബാങ്കിന്റെ പുറത്ത് നിന്ന് ഇവർ പണം കൈപ്പറ്റി ബാങ്കിൽ കയറുമ്പോൾ ബാങ്കിനുള്ളിൽ ബന്ധുക്കളുണ്ടെന്നും പുറത്തു നിന്നാൽ മതിയെന്നും പണം നൽകുന്ന വ്യക്തിയോട് പറയും.

പർദ്ദ ധരിച്ച് മുഖം മറച്ച ശേഷം പണം കൈപ്പറ്റി ബാങ്കിലേക്ക് കയറിയ ശേഷം മറ്റു വഴികളിലൂടെ രക്ഷപ്പെടുന്നതാണ് പ്രതികളുടെ രീതി. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ മൂന്നുപേരെ റിമാന്റു ചെയ്തു. റഹിയാനത്തിന് ഇടക്കാല ജാമ്യം ലഭിച്ചു. പ്രതികൾ പഴയങ്ങാടിയിൽ സമാന രീതിയിൽ 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌ഐ ആർ. എൻ. പ്രശാന്ത് പറഞ്ഞു. സിഐ യോടൊപ്പം എസ്‌ഐ മാരായ സിദ്ദീഖ്,അനീഷ് കുമാർ, എഎസ്‌ഐ മാരായ പ്രദീപൻ, സുനിൽകുമാർ, സിപിഒ മാരായ സിറാജുദ്ദീൻ, രഗനീഷ്, സവിത, ജോമോൻ എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.