തിരുവനന്തപുരം: ആര്യനാട് സർക്കാർ ഭൂമി കൈയേറ്റക്കേസിൽ സാക്ഷികൾക്ക് നേരിൽ കണ്ട് നടപ്പിലാക്കേണ്ട സമൻസ് ഉത്തരവ് വാട്ട്‌സ്ആപ്പിൽ അയച്ച ആര്യനാട് സർക്കിൾ ഇൻസ്‌പെക്ടർക്കും പൊലീസ് കോൺസ്റ്റബിൾക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ രൂക്ഷ വിമർശനം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.വിദ്യാധരനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തെയും അലംഭാവത്തെയും രൂക്ഷമായി വിമർശിച്ചത്. സിഐക്കും സി പി ഒ ക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇരുവരും 26 ന് ഹാജരായി വിശദീകരണം ബോധിപ്പിക്കാനും കോടതി ഉത്തരവിട്ടു.

ആര്യനാട് വില്ലേജാഫീസർ , തഹസിൽദാർ തുടങ്ങി 1 , 3 , 4 എന്നീ 3 സാക്ഷികൾക്ക് സമൻസ് ഉത്തരവ് ശരിയായ രീതിയിൽ നൽകി സമൻസുത്തരവ് നടപ്പിലാക്കി വിവരം റിപ്പോർട്ടു ചെയ്യാനും കോടതി ഉത്തരവിട്ടു. 2017 ൽ ആര്യനാട് നടന്ന സർക്കാർ ഭൂമി കൈയേറ്റ കേസിലാണ് സാക്ഷികളെ ഹാജരാക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയത്. ആര്യനാട് സ്ഥലവാസികളായ രാഘവൻ നായർ , മുരളീധരൻ നായർ , പ്രഫുല്ല ചന്ദ്രൻ നായർ , ഷിബു , പ്രവീൺ കുമാർ എന്നിവരാണ് ഭൂമി കൈയേറ്റ കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ. 2009 ൽ നിലവിൽ വന്ന കേരള ഭൂ സംരക്ഷണ (ഭേദഗതി) നിയമത്തിലെ വകുപ്പ് 7 (എ) , (ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യാൻ ഉത്തരവിട്ടത്.