കൊച്ചി: കുസാറ്റ് ടെക്‌ഫെസ്റ്റിനിടെ ഉണ്ടായ ദുരന്തത്തിൽ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും പൊലീസ് പ്രതി ചേർത്തു. സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പലായിരുന്ന ഡോ. ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റിന്റെ കൺവീനർ ഡോ. ഗിരീഷ് കുമാരൻ തമ്പി, ഡോ എം.ബിജു എന്നിവരെയാണ് പ്രതിയാക്കിയത്. മനപ്പൂർവമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

2023 നവംബർ 25 നായിരുന്നു ദുരന്തം. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും എതിരെ നടപടി. പ്രിൻസിപ്പൽ അടക്കമുള്ളവരെ പ്രതി ചേർത്തെന്ന് കാട്ടി പൊലീസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചു.
ഇതുവരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ക്രോഡീകരിച്ചാണ് പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹുവാണ് കേസിൽ ഒന്നാം പ്രതി. കാമ്പസിനുള്ളിൽ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പരിപാടിക്ക് പൊലീസ് സഹായം ആവശ്യപ്പെട്ട് കൊണ്ട് രജിസ്ട്രാർ മുഖേന പൊലീസിന് കത്ത് നൽകാൻ സംഘാടകർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ രജിസ്ട്രാർ കത്ത് നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുന്നുണ്ട്. രജിസ്ട്രാറെ നിലവിൽ കേസിൽ പ്രതി ചേർത്തിട്ടില്ല.

നവംബർ 25ന് സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ 'ധിഷ്ണ 2023' ടെക്‌ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നാലു പേർ മരിച്ചത്. പ്രമുഖ ഗായിക നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ദുരന്തം.