- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അതിതീവ്ര ന്യൂനമർദ്ദമാകാം; ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കും; കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂനമർദ്ദമായും തിങ്കളാഴ്ച(മെയ് 8)യോടെ ഇത് തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിച്ചേക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനപ്രദേശത്തിലും ശക്തിയും എങ്ങനെയാകുമെന്നത് വ്യക്തമായിട്ടില്ല. അതി തീവ്ര ന്യൂനമർദ്ദമുണ്ടായാൽ മഴ സാഹചര്യം കനത്തതാക്കാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലടക്കം ഇതിന്റെ സ്വാധീനം ഉണ്ടാകുമോ എന്നത് വൈകാതെ അറിയാനാകും.
ഇതോടെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടെ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ജാഗ്രതാ നിർദ്ദേശം
03-05-2023: കേരള - ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
03-05-2023: തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, തെക്കൻ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
06-05-2023: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
07-05-2023: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മേൽപ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ