- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്ക ശേഖരിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: പഴയങ്ങാടി ഏഴോം അകത്തെ കൈപുഴയിൽ കക്ക വാരാൻ പോയി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് അഗ്നി രക്ഷാ സേന ഏഴോം പഞ്ചായത്തിന് സമീപമുള്ള കല്ലക്കുടിയൻ വിനോദ് (47)ന്റെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം രണ്ട് സുഹൃത്തുക്കളോട് കൂടി അകത്തേ കൈ പുഴയിൽ കക്ക വരാൻ ഇറങ്ങിയ വിനോദിനെ പെട്ടെന്ന് ഉണ്ടായ അടിയൊഴുക്കിൽ കാണാതാവുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും, മത്സ്യത്തൊഴിലാളികളും നാട്ടൂകാരും തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളൊടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ടുപേർ മറുകരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയിലാണ് പുഴയിലെ ചുഴിയിൽ വിനോദ് മുങ്ങിതാഴ്ന്നത്.
കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് തളിപറമ്പിൽ നിന്നുമെത്തിയ ഫയർഫോഴ്സ് തിങ്കളാഴ്ച്ച സന്ധ്യയോടെ തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയായിരുന്നു. ഇതേ തുടർന്ന് നിർത്തിയ തെരച്ചിൽ ചൊവ്വാഴ്ച്ച രാവിലെ ഒൻപതുമണിയോടെയാണ് പുനരാരംഭിച്ചത്. പുഴയിൽ തെരച്ചിലിനായി പയ്യന്നൂരിൽ നിന്നുള്ള സ ്കൂബ ടീമുമെത്തി. ഇതേ തുടർന്നാണ് തെരച്ചിൽ ഊർജ്ജിതമാക്കിയത്.
കോൺക്രീറ്റു തൊഴിലാളിയായ വിനോദ് പതിവായി ഈ പ്രദേശത്തെ പുഴയിൽ കക്ക ശേഖരിക്കാൻ എത്താറുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. തിങ്കളാഴ്ച്ചയും ഇതിനുസമാനമായാണ് എത്തിയത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ മറുകരയിലേക്ക് പോകുമ്പോൾ വിനോദ് പിന്നിലാണ് നീന്തിയിരുന്നത്. ഇതിനിടെയാണ് പുഴയിൽ മുങ്ങിതാഴ്ന്നതെന്നാണ് പറയുന്നത്. പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹം പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യുവാവിനെ പുഴയിൽ കാണാതായ വാർത്ത അറിഞ്ഞു വൻജനാവലി തന്നെ ഏഴോത്ത് എത്തിയിരുന്നു. പഴയങ്ങാടി പൊലിസ് ഇവരെ നിയന്ത്രിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, പഞ്ചായത്ത് അംഗം കെ.വിരാജൻ എന്നിവരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പുഴയുമായി നിത്യബന്ധമുണ്ടായിരുന്ന വിനോദ് രക്ഷപ്പെടുമെന്ന് നാട്ടുകാരും ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇവരുടെ പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ടാണ് മൃതദേഹം ഒന്നരദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇതോടെ ശോകമൂകമായിരിക്കുകയാണ്ഏഴോം ഗ്രാമം.