നാദാപുരം: കോഴിക്കോട് നാദാപുരത്ത് ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മൽ പടിഞ്ഞാറയിൽ സജീവന്റെയും ഷൈജയുടെയും മകൾ ദേവതീർത്ഥയാണ് ഇന്നു രാവിലെ 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

വളയം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീർത്ഥ. ഛർദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്കു മാറ്റിയത്.

ദേവതീർത്ഥയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.