കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു കൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധം റിപ്പോർട്ടു ചെയ്ത മറുനാടൻ മലയാളി ക്യാമറാമാനെ മർദ്ദിച്ച രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കി. മറുനാടൻ മലയാളി കൊച്ചി ബ്യൂറോയിലെ ക്യാമറാമാൻ എസ് ദിലീപിനാണ് മർദ്ദനമേറ്റത്. യൂത്ത് കോൺഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റായ പി എൻ നവാസിനെയും യൂത്ത് കോൺഗ്രസ് ഭാരവാഹിയായ നിസാമുദ്ദീനെയുമാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. തികഞ്ഞ അച്ചടക്ക ലംഘനവും ക്രിമിനൽ പ്രവർത്തനവുമാണ് ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായതെന്നും, അവമതിപ്പും കളങ്കവും ഉണ്ടാക്കിയ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ ഡിസിസി അതീവ ഗൗരവമായാണ് കാണുന്നതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഈ മാസം രണ്ടിന് കോൺഗ്രസിന്റെ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഈ സമയം സ്വകാര്യ ബസുമായി നവാസ് എത്തി. ഗതാഗത തടസം ഉണ്ടായപ്പോൾ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. ഈ ദൃശ്യം പകർത്താൻ ശ്രമിക്കവേയാണ് ദിലീപിനെ ബസ് ഡ്രൈവറായ നവാസ് മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തത്. പ്രതിഷേധക്കാർ ഇയാൾ ഓടിച്ച ബസ് തടഞ്ഞപ്പോൾ ഉണ്ടായ വാക്കേറ്റം ചിത്രീകരിച്ചതോടെയാണ് നവാസ് കുപിതനായി ആക്രമിച്ചത്.

സംഭവത്തിൽ ദിലീപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും മാധ്യമപ്രവർത്തകർക്ക് നേരെയും അതിക്രമം കാട്ടിയ ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് ഡിസിസി പ്രസിഡന്റ്ിനും പരാതി നൽകിയിരുന്നു.

എറണാകുളത്തെ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിൽ എടുത്തവരെ വിടാത്തതിനെ തുടർന്നായിരുന്നു പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രതിഷേധം ഉണ്ടായത്. എം പി ഹൈബി ഈഡൻ, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവർ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. പ്രതിഷേധത്തിനിടെ പ്രവർത്തകർ റോഡ് തടഞ്ഞു പ്രതിഷേധിച്ചു. ഇതിനിടെയാണ് നവാസിന്റെ നേതൃത്വത്തിൽ അക്രമം ഉണ്ടായത്.