തിരുവനന്തപുരം: ഡോ. ദിവ്യ എസ്. അയ്യർ കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (കെ.എസ്.ഡബ്ല്യു.എംപി) പ്രൊജക്ട് ഡയറക്ടറായി ചുമതലയേറ്റു. 2014 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ജാഫർ മാലികിൽ നിന്നുമാണ് മെഡിക്കൽ ബിരുദധാരിണിയായ ദിവ്യ എസ്. അയ്യർ ചുമതല ഏറ്റെടുക്കുന്നത്.

പത്തനംതിട്ട കലക്ടറായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിഷൻ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയത്തും തിരുവനന്തപുരത്തും സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നഗരങ്ങൾ കൂടുതൽ വൃത്തിയുള്ളതും ആരോഗ്യപ്രദമാക്കുന്നതിനുമായി നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനായുള്ള സ്ഥാപന- സേവന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്.

നഗരങ്ങളിലെ ഖരമാലിന്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ 93 നഗരസഭകളിലും നടപ്പാക്കുന്ന ഈ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെയും നഗരസഭകളുടെയും സംയുക്ത ഇടപെടലുണ്ട്.