- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ബാങ്കിലെ പണം തിരികെ കിട്ടാനായി വനിത ഡോക്ടറുടെ പ്രതിഷേധം; പല തവണ ബാങ്കിൽ കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് ഡോക്ടർ
നേമം: കരുവന്നൂരിന് ശേഷം സഹകരണ മേഖലയിൽ ആശങ്കകൾ ശക്തമാണ്. പലരും പണം പിൻവലിക്കാൻ വേണ്ടി ബാങ്കിലേക്ക് എത്തുന്ന അവസ്ഥയുണ്ട്. ഇതിനിടെയാണ് പള്ളിച്ചൽ ഫാർമേഴ്‌സ് സഹകരണ ബാങ്കിൽനിന്നും നിക്ഷേപം തിരികെ കിട്ടാത്തതിനെ തുടർന്ന് വനിത ഡോക്ടറുടെ പ്രതിഷേധം. നിക്ഷേപമായി നൽകിയ അഞ്ച് ലക്ഷം രൂപ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പേയാട് സ്വദേശിനിയായ വനിത ഡോക്ടർ പ്രതിഷേധവുമായെത്തിയത്.
നിക്ഷേപ തുക ആവശ്യപ്പെട്ട് പല തവണ ബാങ്കിൽ കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 31നകം തിരികെ പണം നൽകാമെന്ന് ബാങ്ക് സമ്മതിച്ചിരുന്നതാണെന്നും ഡോക്ടർ പറയുന്നു.
തുടർന്ന് വ്യാഴാഴ്ച രാവിലെ 11ഓടെയാണ് വനിത ഡോക്ടർ ബാങ്കിലെത്തിയത്. മഴയിൽ തകർന്ന വീടിന്റെ ചുറ്റുമതിൽ പുനർനിർമ്മിക്കാനായി മുഴുവൻ തുക ഇല്ലെങ്കിൽ രണ്ട് ലക്ഷം രൂപയെങ്കിലും നൽകി ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന് ആവശ്യപ്പെട്ടു. തുക കിട്ടാതായതോടെ ഇവർ പ്രതിഷേധിക്കുകയായിരുന്നു. രാത്രി വൈകിയും പ്രതിഷേധം അവസാനിപ്പിക്കാത്തതിനെ തുടർന്ന് നരുവാമൂട് പൊലീസ് ബാങ്കിലെത്തി.
ബാങ്ക് അധികൃതരോടും ഡോക്ടറോടും സംസാരിച്ച് പണം ഗഡുക്കളായി മടക്കി നൽകാമെന്ന കരാറുണ്ടാക്കുകയും ആദ്യ ഗഡുവായി 50,000 രൂപ നൽകുകയും ചെയ്തു. ബാക്കി തുക ഒക്ടോബർ30നകം നൽകാമെന്ന ഉറപ്പിൽ ഡോക്ടർ പ്രതിഷേധം അവസാനിപ്പിച്ചു. പള്ളിച്ചൽ ഫാർമേഴ്‌സ് സഹകരണ ബാങ്കിനെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
മറുനാടന്‍ ഡെസ്‌ക്