കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജിയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. അതേസമയം, സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു.

മെയ്‌ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസുകാർ വൈദ്യപരിശോധനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രി എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് (42) ഡോ. വന്ദന ദാസ്(23) ഉൾപ്പെടെ അഞ്ചുപേരെ കുത്തുകയായിരുന്നു.

അക്രമത്തിൽ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട്, അന്വേഷണം ശാസ്ത്രീയമായി പൂർത്തീകരിച്ച് കേസിൽ കുറ്റപത്രം നൽകിയിരുന്നു.

കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കൊല്ലം നെടുമ്പന യുപി സ്‌കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.