- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. വന്ദന ദാസ് വധം: സിബിഐ അന്വേഷണ ഹരജി ഹൈക്കോടതി മാറ്റി; കേസിൽ പ്രതി സന്ദീപും കക്ഷി ചേർന്നു
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, ടി. വസന്തകുമാരി എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് മാറ്റിയത്. പ്രതി സന്ദീപും കേസിൽ കക്ഷിചേർന്നിട്ടുണ്ട്.
ആദ്യം കേസ് പരിഗണിച്ച ബെഞ്ച് കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിൽ ഹരജി എത്തിയത്. വിചാരണ കോടതി പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള നടപടികൾ നേരത്തേ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഉത്തരവ് തുടരും.
മെയ് പത്തിന് രാത്രി വൈദ്യപരിശോധനക്ക് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇക്കാര്യം മറച്ചുവച്ചാണ് പൊലീസ് അന്വേഷണമെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ, കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.