- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ടിലെ കുളത്തിൽ മക്കൾ മുങ്ങി മരിച്ചു; മാതാപിതാക്കൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കൊച്ചി: സാഹസിക വിനോദസഞ്ചാര റിസോർട്ടിലെ സുരക്ഷാ വീഴ്ച കാരണം രണ്ടു മക്കളും മരിക്കാൻ ഇടയായ കേസിൽ മാതാപിതാക്കൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. മഹാരാഷ്ട്രയിലെ പുനെ കേന്ദ്രമായി പ്രവർത്തിക്കുന്ന റിസോർട്ടിനെതിരായാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
കോടതി ചെലവിനത്തിൽ 20,000 രൂപയും അധികം നൽകണം. തുക രണ്ടും കൈമാറാൻ ഒരുമാസത്തെ സാവകാശമാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അനുവദിച്ചത്. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി വി പ്രകാശൻ, ഭാര്യ വനജ എന്നിവരുടെ ഹർജിയിലാണു ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവ്. 2019ൽ ഉപഭോക്തൃ തർക്കപരിഹാര നിയമം പുതുക്കിയ ശേഷം കമ്മീഷൻ വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.
2020 ഒക്ടോബറിലാണ് സംഭവം. ഹർജിക്കാരുടെ മക്കളായ മിഥുൻ (30), നിതിൻ (24) എന്നിവർ പുനെയിലെ കരന്തിവാലി അഡ്വഞ്ചർ ആൻഡ് അഗ്രോ ടൂറിസം റിസോർട്ടിലാണ് മരിച്ചത്. വിനോദങ്ങൾക്കിടയിൽ ഇരുവരും കുളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. മക്കളെ വളരെ ചെറിയ പ്രായത്തിൽ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയ്ക്കു നഷ്ടപരിഹാര തുക പരിഹാരമല്ലെങ്കിലും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനാണു പിഴ ചുമത്തുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കുന്നതിലും പരിചയസമ്പന്നരായ ലൈഫ് ഗാർഡുകളെയും ഗൈഡുകളെയും നിയോഗിക്കുന്നതിലും അധികൃതർ വീഴ്ച വരുത്തിയതാണു അപകടകാരണമെന്ന ഹർജിക്കാരുടെ വാദം കമ്മീഷൻ അംഗീകരിച്ചു.പുനെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് ഉത്തരവ്.




