- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിലെ ആഡംബര ഹോട്ടലിലെ പുതുവത്സര ദിനത്തിലെ മയക്കുമരുന്ന് വിൽപന; പ്രതികൾക്ക് പത്തുവർഷം കഠിന തടവും ഒരുലക്ഷം പിഴയും ശിക്ഷവിധിച്ചു
കണ്ണൂർ: പുതുവത്സരമാഘോഷിക്കുന്നതിനിടെ തളിപ്പറമ്പ് ബക്കളത്തെ ആഡംബര ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തിയെന്ന കേസിൽ രണ്ടു പ്രതികൾക്ക് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വടകര എൻ.ഡി.പി. എസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷവിധിച്ചത്. തളിപ്പറമ്പ് വോളിപ്പാറ സ്വദേശി കെ.കെ സമീർ അലി(29) ഏഴോം നരിക്കോട് സ്വദേശി ത്വയ്യിബ് (33) എന്നിവരെയാണ് നർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സുരേഷ്ബാബുശിക്ഷിച്ചത്.
കേസിൽ പ്രതി ചേർക്കപ്പെട്ട അഞ്ചുപേരെ കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടു. 2021-നാണ് കേസിനാസ്പദമായ സംഭവം. പുതുവത്സരമാഘോഷിക്കുന്നതിനിടെ ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന യുവതിയടക്കമുള്ള ഏഴുപേരെയാണ് എക്സൈസ് സംഘം രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഹോട്ടലിൽ റെയ്ഡു നടത്തി പിടികൂടിയത്. ഇവരിൽ നിന്നും 53ഗ്രാം എം.ഡി. എം. എ, 5.37 ഗ്രാം ഹാഷിഷ് ഓയിൽ, 0.175 ഗ്രാം എൽ. എസ്. ഡി തുടങ്ങിയ മാരകമയക്കുമരുന്നുകൾ പിടികൂടിയിരുന്നു.
തളിപറമ്പ് എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപും സംഘവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളുടെ കൂടെയുണ്ടായിരുന്ന കരിമ്പം പൂമംഗലം സ്വദേശി മുഹമ്മദ് ഹനീഫ(33) മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശി പച്ചംബള ഹബീബ് നഗറിലെ എച്ച്. മുഹമ്മദ് ഷിഹാബ്(22) ബീറോളിക്കയിൽ താമസക്കാരനായ ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് ഷഫീഖ്(25) മാനന്തവാടി ചെറുകാട്ടൂർ കൂളിവയലിലെ കെ. ഷഹബാസ്(25) ഹോട്ടലിൽ പ്രവർത്തിച്ചിരുന്ന അന്നാബെൽ എന്ന സ്പാ ബ്യൂട്ടിഷ്യയായിരുന്ന പാലക്കാട് ചിറ്റൂരിലെ കടുംചിറ സ്വദേശി എം. ഉമ(25) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. വിട്ടയക്കപ്പെട്ട പ്രതികൾക്കു വേണ്ടി അഭിഭാഷകരായ ടി.പി ഹരീന്ദ്രൻ, സിജിത്ത് സോമസുന്ദരം, നിഷാദ്,സുകേഷ് എന്നിവർ ഹാജരായി. തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടറായിരുന്ന വി.വി പ്രഭാകരൻ, റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപ്, നിലവിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി.കെ ശ്രീരാഗ്കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികളെ ഉൾപ്പെടുത്തി അതിവേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ