കൊച്ചി: എറണാകുളം ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന മയക്ക് മരുന്ന് മാഫിയക്കെതിരെ പിടി മുറുക്കി എക്‌സൈസ്. കലൂർ സ്റ്റേഡിയം ഭാഗത്ത് നടന്ന പരിശോധനയിൽ മൂന്ന് പേരാണ് എംഡിഎംഎ യുമായി എക്‌സൈസിന്റെ പിടിയിലായത്. കോട്ടയം ഈരാറ്റുപേട്ട, പ്ലാമൂട്ടിൽ വീട്ടിൽ അബു താഹിർ (25) കൊല്ലം പരവൂർ കൂനയിൽ പുലിക്കുളത്ത് വീട്ടിൽ ഷിനുരാജ് (24) കൊല്ലം കോട്ടുവം കോണം , കുന്നുവിള വീട്ടിൽ സംഗീത് (ഇക്രു) (19) എന്നിവരെയാണ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീം കസ്റ്റഡിയിൽ എടുത്തത്.

ഇവരിൽ അബുവിന്റെ പക്കൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ യും ഷിനു രാജിന്റെയും, സംഗീതിന്റെയും പക്കൽ നിന്ന് 60 ചെറു പൊതികളിലായി 26 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു. ഇവർ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. മുൻ മയക്ക് മരുന്ന് കേസ്സിലെ പ്രതിയായ അബു ബാംഗ്ലൂരിൽ ബിസിനസ്സ് ആവശ്യത്തിന് എന്ന വ്യാജേന പോയി മയക്ക് മരുന്ന് കടത്തി കൊണ്ട് വരുകയായിരുന്നു ചെയ്തിരുന്നത്. ബലപ്രയോഗത്തിലൂടെയാണ് അബുവിനെ എക്‌സൈസ് കീഴ്‌പ്പെടുത്തിയത്.

ആവശ്യക്കാരുടെ ഓർഡർ പ്രകാരം അവരുടെ ലൊക്കേഷനിൽ മയക്ക് മരുന്ന് എത്തിച്ച് കൊടുകയായിരുന്നു ഷിനു രാജും സംഗീതും ചെയ്തിരുന്നത്. കലൂർ സ്റ്റേഡിയം ഭാഗത്ത് വച്ച് മയക്ക് മരുന്നുമായി പിടിയിലായ ഷിനു രാജിനേയും സംഗീതിനെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ്‌പ്പെടുത്താനായത്. പിടികൂടുന്ന സമയത്ത് മാരക ലഹരിയിൽ ആയിരുന്നു ഇവരുവരും. എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട സംഗീതിനെ എക്‌സൈസ് സംഘവും നാട്ടുകാരും ചേർന്ന് വളഞ്ഞതിനെ തുടർന്ന് സംഗീത് എറണാകുളം കലൂർ സ്റ്റേഡിയത്തിനകത്തേക്ക് ഓടി കയറുകയായിരുന്നു. തുടർന്ന് ഇവിടെ ഒളിച്ചിരുന്ന ഇയാളെ എക്‌സൈസ് സംഘത്തിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആണ് കണ്ടു പിടിക്കാനായത്.

ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് 10 ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ പരമാവധി 20 വർഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. എറണാകുളം ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന മയ്ക്ക് മരുന്ന് മാഫിയയുടെ പ്രധാന മയക്കുമന്ന് കൈമാറ്റ സ്ഥലം കലൂർ സ്റ്റേഡിയം ആണെന്ന ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ തന്നെ ടൗൺ എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലൂർ സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ലഹരിമാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു സ്‌പെഷ്യൽ ആക്ഷൻ ടീമിനെ രൂപപ്പെടുത്തിയിരുന്നു.

ഈ ടീമിന്റെ ഗ്രൂപ്പ് തിരിഞ്ഞുള്ള പരിശോധനയിൽ ഇക്കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇതുവരെ ഏഴ് പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആകെ 50 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുക്കുകയും ഇവർ മയക്ക് മരുന്ന് കടത്തിയിരുന്ന മൂന്ന് ബൈക്കുകളും ഒരു കാറും എക്‌സൈസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. പിടിയിലായ ശേഷവും ഇവരുടെ ഫോണുകളിലേക്ക് നിരവധി പേരാണ് വിളിച്ച് കൊണ്ടിരുന്ന്. ഇവരുടെ മയക്ക് മരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ഇവരുടെ കെണിയിൽ അകപ്പെട്ടവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്‌സൈസിന്റെ സൗജന്യ ലഹരി വിമോചന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

അസ്സി. കമ്മീഷണർ ബി. ടെനിമോൻ , സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, എസ് സുരേഷ് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സിഇഒ ടി.ആർ. അഭിലാഷ്, ടി.പി. ജെയിംസ്, ശരത് മോൻ പി.എസ്. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.