കൊച്ചി: വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെയാണ് ഷാരൂഖ് ഖാൻ ചിത്രമായ 'പത്താൻ' പ്രദർശനത്തിനെത്തുന്നത്. സിനിമയിലെ ബേഷരം രംഗ് എന്നുള്ള വിഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉയർത്തി ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നത്.

പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചെന്നാണ് വിമർശനം. മോശം രംഗങ്ങൾ ഒഴിവാക്കി ചിത്രീകരിച്ചാൽ മാത്രമേ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കുകയുള്ളൂവെന്നും ഇവർ വെല്ലുവിളിച്ചിരുന്നു. പ്രതിഷേധം കനക്കുമ്പോഴും ഇന്ത്യൻ സിനിമാ ലോകം ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

പത്താൻ എന്ന ചിത്രത്തിനായി താനുൾപ്പെടെയുള്ള താരങ്ങൾ കാത്തിരിക്കുകയാണെന്ന് നടൻ ദുൽഖർ സൽമാൻ പറയുന്നു. പ്രേക്ഷകൻ എന്ന നിലയിൽ നമുക്ക് ഇഷ്ടപ്പെട്ട താരത്തിന്റെ ചിത്രം വരുമ്പോൾ അത് വിജയിക്കാനാവും ആഗ്രഹിക്കുക.

പത്താൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുമെന്ന് ഫിലിം കമ്പാനിയന്റെ ആക്ടേഴ്‌സ് ആഡയിൽ ദുൽഖർ പറയുന്നു. 'ഷാരൂഖ് സാറിന്റെ അടുത്ത സിനിമയ്ക്കായി ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണ്. പത്താൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണും. എല്ലാവർക്കും അത് ഇഷ്ടപ്പെടും. എല്ലാവരേയും എക്‌സൈറ്റ് ചെയ്യിപ്പിക്കും', ദുൽഖർ പറയുന്നു.

നമുക്ക് ഇഷ്ടമുള്ള നടന്റെ ചിത്രം വരുമ്പോൾ പരാജയപ്പെടണമെന്ന് ആഗ്രഹിക്കില്ലല്ലോ. അങ്ങനെയൊരു മോശം സിനിമ സംഭവിച്ചാൽ പ്രേക്ഷകരേയും ബാധിക്കും- ദുൽഖർ പറഞ്ഞു.

2023 ജനുവരി 25നാണ് ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ പ്രദർശനത്തിനെത്തുന്നത്. ദീപിക പദുകോണാണ് നായിക. ചിത്രത്തിലെ ഗാനം പുറത്ത് വന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രണണം നടന്നിരുന്നു. പാട്ടിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. ഇതാണ് സംഘപരിവാർ സംഘടനകളെ ചൊടിപ്പിട്ടത്.