തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ്സും ഡിവൈഎഫ്‌ഐയും തമ്മിലുള്ള സംഘർഷം തുടരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ആറ്റിങ്ങൾ ആലങ്കോടു ജംക്ഷനിൽ വച്ചാണ് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. റോഡിന്റെ വശങ്ങളിലായി യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോൾ ഇവർ കരിങ്കൊടി വീശി.

ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടത്തോടെ എത്തുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ്- കെഎസ് യു പ്രവർത്തകർ തമ്മിൽ വലിയ രീതിയിലുള്ള സംഘർഷമുണ്ടായി. പൊലീസിന് നിയന്ത്രിക്കാൻ കഴിയാതിരുന്നതോടെ ലാത്തി വീശുകയായിരുന്നു. തുടർന്ന് സംഘർഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ യുവമോർച്ചയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കല്ലമ്പലത്തുവച്ചാണ് യുവമോർച്ച പ്രവർക്കർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. കറുത്ത വസ്ത്രം ധരിച്ചാണ് ഇവർ എത്തിയത്.