തിരുവനന്തപുരം: സിപിഎമ്മിന്റെ ഫലസ്തീൻ റാലിയിൽ നിന്നും പിന്മാറി ലീഗ് പിന്മാറിയതോടെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസിനെതിരെയാണ് ഇപി വിമർശനം ഉന്നയിച്ചത്. വിശാല നിലപാടിന്റെ ഭാഗമായാണ് ഫലസ്തീൻ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ലീഗ് പങ്കെടുക്കണം എന്നാണ് സിപിഎം ആഗ്രഹിച്ചത്. തരൂരിന്റെ പ്രസ്താവന തള്ളാൻ പോലും കോൺഗ്രസ് തയ്യാറായില്ലെന്നും ഇ പി ജയരാജൻ വിമർശിച്ചു. തരൂരിനെ തിരുത്താത്ത കോൺഗ്രസിന്റെ നിലപാട് ലീഗ് തിരിച്ചറിയട്ടെ എന്നും ജയരാജൻ പറഞ്ഞു.

അതേ സമയം, സിപിഎം ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് മുസ്ലിം ലീഗിനെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് മോശം പ്രതികരണങ്ങൾ നടത്തിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വിഷയത്തിൽ മോശമായ പ്രതികരണങ്ങളാണ് കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. കോൺഗ്രസിന്റെ സമ്മർദത്തിന് വഴങ്ങിയാണോ സെമിനാറിൽ നിന്ന് പിന്മാറിയതെന്ന് വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണെന്നും പി രാജീവ് പറഞ്ഞു.

പൊതുവിഷയങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്ന ലീഗിന്റെ തോന്നൽ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ക്ഷണം നിരസിച്ചുവെന്നതിൽ യുക്തിയില്ലെന്ന് സിപിഎം നേതാവ് പി മോഹനനും പ്രതികരിച്ചു. സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പി രാജീവിന്റെ പ്രതികരണം.