കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള അന്വേഷണത്തിൽ ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ രാഷ്ട്രീയ താൽപര്യങ്ങളാൽ കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയെയും സംസ്ഥാനസർക്കാരിനെയും അപകീർത്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഇ. പി വ്യക്തമാക്കി.

രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ ബജറ്റ് തീർത്തും നിരാശാജനകമാണ്. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നയൊന്നും ബ്ജറ്റ് പ്രഖ്യാപനത്തിലില്ല. ഇന്ത്യൻ ജനതയ്ക്ക് ഒരു വളർച്ചയും നൽകാത്ത ബജറ്റിന്റെ പ്രഖ്യാപനമാണ് ധനകാര്യമന്ത്രി നടത്തിയത്. ഇന്ത്യയുടെ സമഗ്രവികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബ്ജറ്റിൽ പറഞ്ഞ ചിലകാര്യങ്ങൾ ആവർത്തിക്കുകയല്ലാതെ നാടിന്റെ സാമ്പത്തിക, സാമൂഹിക, വ്യാവസായിക, കാർഷികരംഗത്ത് ഒരുമെച്ചവും നൽകുന്ന ബ്ജറ്റല്ല അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പ്രയോജനപ്രദമായ ഒന്നും ബജറ്റിലില്ലെന്നും ഇതിനെതിരെ ജനരോഷം ഉയരണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. വലിയ സംഭവം നടക്കാൻ പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ചു ഒന്നുമില്ലാത്ത ബ്ജറ്റാണ് നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ബിജെപി തിരിച്ചുവരാൻ ഒരു സാധ്യതയില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചതെന്നും നിരാശയിൽ നിന്നുണ്ടായ ബജറ്റാണ് ഇതെന്നും ഇ.പി ജയരാജൻ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് കാർഷിക മേഖലയെ അവഗണിച്ചു കൊണ്ടുള്ള ബ്ജറ്റ് ഒരു കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാകുന്നില്ല. രാജ്യത്ത് അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ ബ്ജറ്റിൽ പ്രഖ്യാപനങ്ങളൊന്നുമില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.