കണ്ണൂർ: മാന്ദ്യകാലമായിട്ടും ക്ഷേമ-വികസന പ്രവർത്തനങ്ങളിലൂന്നിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കേന്ദ്രത്തിന്റെ പ്രതികാര നടപടികളിലൂടെ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുകൂടി ജനങ്ങളിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നില്ല എന്നതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്.

ലൈഫ് ഭവന പദ്ധതിക്ക് 1,132 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്രത്തിൽ നിന്നും നാമമാത്രമായ തുകയാണ് അനുവദിക്കുന്നതെങ്കിലും വീടുകൾക്ക് ചാപ്പ കുത്തണമെന്ന നിർദ്ദേശം നടപ്പാക്കില്ലെന്ന തീരുമാനം പ്രശംസനീയമാണ്. ഇതിന്റെ പേരിൽ കേന്ദ്രവിഹിതം നിഷേധിക്കുകയാണെങ്കിൽ അത് കൂടി കണക്കിലെടുത്താണ് തുക നീക്കിവെച്ചിരിക്കുന്നത്. കാരുണ്യ, ആർദ്രം, കനിവ് പദ്ധതികൾക്ക് പര്യാപ്തമായ തുക നീക്കിവെച്ചത് പാവപ്പെട്ടവരോടുള്ള സർക്കാറിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്.

വ്യവസായ വികസനത്തിന് 1829 കോടി നിക്കി വെച്ചത് വ്യവസായ മേഖലയ്ക്ക് കരുത്തു പകരും. കായിക മേഖലയ്ക്ക് ഊർജം പകരുന്നതാണ് ബജറ്റിൽ നീക്കിവെച്ച 127.39 കോടി. റബ്ബർ താങ്ങുവില 180 രൂപയാക്കിയതോടെ കർഷകർക്ക് 160 ൽനിന്നും 180 രൂപയാണ് ലഭിക്കുന്നത്.

സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി കുടിശ്ശിക തീർത്ത് അതാത് മാസം നൽകുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നതാണ്. റീ ബിൽഡ് കേരളയ്ക്ക് 1000 കോടി അനുവദിച്ചത് അടിസ്ഥാന വികസനത്തിന് ആക്കം കൂട്ടും. സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പദ്ധതി പരിഷ്‌കരിക്കാനുള്ള തീരുമാനവും ഒരു ഗഡു ഡിഎ അനുവദിച്ചതും സ്വാഗതാർഹമാണ്.

നവകേരള സദസിലെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് 1000 കോടി രൂപ നീക്കി വെക്കുന്നതും അത് 140 മണ്ഡലങ്ങളിലും ഉപയോഗിക്കുമെന്നതും അഭിനന്ദനീയമാണെന്നും ഇ പി പറഞ്ഞു.