- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാനൂരിൽ ബോംബെറ് ആദ്യമായിട്ടല്ലെന്ന ന്യായീകരണവുമായി ഇ പി
കണ്ണൂർ: പാനൂരിൽ ബോംബെറ് ആദ്യമായിട്ടല്ലെന്ന ന്യായീകരണവുമായി എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ മൂന്ന് പ്രാവശ്യം ബോംബെറിഞ്ഞ സ്ഥലമാണ് പാനൂർ. കൈവേലിക്കൽ കുഞ്ഞിക്കണ്ണന്റെ രക്തസാക്ഷിദിനാചരണം കഴിഞ്ഞുവരുമ്പോഴാണ് മൂന്നിടങ്ങളിൽ നിന്നും ബോംബേറുണ്ടായത്. മറ്റൊരിക്കൽ രക്തസാക്ഷി ദിനാചരണം കഴിഞ്ഞു ആർ.എസ്. എസ് ബോംബേറുണ്ടായപ്പോൾ കാറിന്റെ ഡോറിളകി പോയെന്നും ഇ.പി പറഞ്ഞു.
കൈവേലിക്കൽ ആർ. എസ്. എസും കോൺഗ്രസും ബോംബുണ്ടാക്കുന്ന സ്ഥലമാണ്. അവിടെ പൊലിസ് ജാഗ്രതയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ചിലതെങ്കിലും പിടിക്കപ്പെടുന്നത്. ഇത്തരം തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും പിടികൂടണം.2011- ൽനാദാപുരത്ത് ബോംബുനിർമ്മിക്കുന്നതിനിടെ അഞ്ച് ലീഗ് പ്രവർത്തകർ മരിച്ചു. മൊകേരിയിൽ കോൺഗ്രസുകാരൻ ബോംബു പൊട്ടിമരിച്ചു. പയ്യന്നൂർ ആലക്കാട് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ കൈപ്പത്തി നഷ്ടപ്പെട്ടു. ചെറുവാഞ്ചേരിയിൽ രണ്ട് ആർ. എസ്. എസ് പ്രവർത്തകർ ബോംബു നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു.
അത്തരം സംഭവങ്ങളെ വസ്തുനിഷ്ഠമായി കാണണം. ബോംബു നിർമ്മാണം ആരു ചെയ്താലും തെറ്റാണ്. പാനൂർ ബോംബ് സ്ഫോടനത്തെ കുറിച്ചു പൊലിസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നും ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിലടക്കം വ്യത്യസ്ത രീതിയിലുള്ള ബോംബുണ്ടാക്കിയവരാണ് കോൺഗ്രസ്. അവർ വല്ലാതെ സി.പി. എമ്മിനെതിരെ ആരോപണം ഉന്നയിക്കാൻ വരേണ്ട. പാനൂർ മേഖലയിൽ ബോംബുണ്ടാക്കി കച്ചവടം ചെയ്യാറുണ്ട്. അതിനു വേണ്ടി തയ്യാറാക്കിയതാണോയെന്ന് പൊലിസ് പരിശോധിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ഡി.വൈ. എഫ്. ഐയിൽ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരുടെ എല്ലാ സ്വഭാവഗുണങ്ങളും നമുക്ക് പരിശോധിക്കാനാവുമോ..അവിടെ രണ്ടു സംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണ് ബോംബു നിർമ്മാണത്തിലെത്തിച്ചതെന്നാണ് മനസിലാകുന്നത്. യു.ഡി. എഫിന് കേന്ദ്ര അന്വേഷണ ഏജൻസിയിലാണ് വിശ്വാസമെന്ന് ഷാഫി പറമ്പിൽ തന്നെ വ്യക്തമാക്കട്ടെ. സോണിയാഗാന്ധിക്കെതിരെയുള്ള പരാതിയും അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസിയാണ്. ഇതിലെന്താണ് യു.ഡി. എഫിന് പറയാനുള്ളതെന്നും ഇ.പി ജയരാജൻ ചോദിച്ചു. സി.പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, എൽ.ഡി. എഫ് ജില്ലാകൺവീനർ എൻ. ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.