മലപ്പുറം: കേരളം ഭരിച്ച ഇടതുപക്ഷ സർക്കാർ മലപ്പുറം ജില്ലയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും വിദ്യാഭ്യാസ മേഖലയിലടക്കം ഇന്ന് കാണുന്ന പ്രതിസന്ധിക്ക് കാരണം സിപിഎം നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാറുകളുടെ കടുത്ത അവഗണനയായിരുന്നെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി. യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ മാത്രമാണ് ഇതിന് പരിഹാരം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള ഇടതുസർക്കാർ അവഗണനക്കെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച 'വിദ്യാർത്ഥി വിപ്ലവം' കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹയർസെക്കന്ററി സംവിധാനം നിലവിൽ വന്നതിന് ശേഷം ജില്ലയിൽ ഉണ്ടായ നേട്ടങ്ങളെല്ലാം മുസ്ലിംലീഗ് മന്ത്രിമാരുടെ ശ്രമഫലമായിട്ടുണ്ടായതാണ്. ഇടത് ഭരണത്തിൽ എന്നും ജില്ലക്ക് അവഗണന മാത്രമായിരുന്നു. ഹയർസെക്കണ്ടറി സംവിധാനം നിലവിൽ വന്നതിന് ശേഷം നാലുതവണ കേരളം ഭരിച്ച ഇടതുപക്ഷം മലപ്പുറത്തെ തിരിഞ്ഞു നോക്കിയില്ല. യു.ഡി.എഫ് ഭരണകാലത്ത് മാത്രമാണ് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഇടപെടൽ ഉണ്ടായത്. ജില്ലയിൽ അനുവദിച്ച പ്ലസ്ടു ബാച്ചുകളും അദ്ധ്യാപക തസ്തികകളുമെല്ലാം മുസ്ലിംലീഗ് മന്ത്രിമാർ നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നടന്ന വിദ്യാഭ്യാസ വിപ്ലവത്തിനെല്ലാം നേതൃത്വം നൽകിയത് മുസ്ലിംലീഗ് മന്ത്രിമാരാണ്. യൂണിവേഴ്‌സിറ്റികളും കോളെജുകളും സ്‌കൂളുകളുമെല്ലാം ഇവിടെ സ്ഥാപിച്ചു. ജില്ലക്ക് കൂടുതൽ പ്ലസ്ടുവും കോളെജുകളും യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ ലഭിച്ചു. സീറ്റ് പ്രതിസന്ധി വരുമ്പോൾ അധിക ബാച്ചുകളും സീറ്റുകളും അനുവദിച്ചു. എന്നാൽ യു.ഡി.എഫ് ഭരണം മാറി ഇടതുപക്ഷം അധികാരത്തിലെത്തുന്നതോടെ എല്ലാം അവസാനിക്കും. അഞ്ച് കൊല്ലം പിന്നേയും മലപ്പുറം പിറകോട്ടുപോകും. നഷ്ടപ്പെട്ടുപോയ ഈ അഞ്ചുവർഷം കൂടെ തിരിച്ചു പിടിക്കാനുള്ള ദൗത്യം പിന്നീട് വരുന്ന യു.ഡി.എഫ് സർക്കാർ ഏറ്റെടുക്കാറുണ്ടെന്നും ഇതിന് സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കാൻ എം.എസ്.എഫ് നടത്തുന്ന പോരാട്ടങ്ങൾ അധികാരികളുടെ കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും. വിദ്യാഭ്യാസ മുന്നേറ്റത്തിന് ശ്രദ്ധപതിപ്പിച്ച മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി പടയണിക്ക് അടങ്ങിയിരിക്കാനാകല്ലെന്നും അദ്ദേഹം പറഞ്ഞു. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ഉയർത്തിപിടിക്കേണ്ടതെന്ന മുസ്ലിംലീഗ് നിലപാടിനെ കളിയാക്കിയ സർക്കാറിന് ഇപ്പോൾ തിരുത്തിപറയേണ്ടി വന്നെന്നും മറ്റുപലതും മറക്കാൻ വേണ്ടി നടത്തുന്ന ഇത്തരം കോപ്രായങ്ങൾ പുരോഗമനമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ഇടംകലർന്നിരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ മുൻ നിലപാടുകളിൽ നിന്നും സർക്കാർ പിന്നോട്ടുപോയിരിക്കുകയാണ്. സർക്കാർ നടത്തുന്ന വഴിവിട്ട നീക്കങ്ങളിൽ നിന്നടക്കം ശ്രദ്ധതിരിക്കാനുള്ള വഴിയായിട്ടാണ് വിവാദങ്ങളെ സർക്കാർ കാണുന്നത്. ഇതിന്റെയെല്ലാം മറവിൽ ആസൂത്രിതമായി സംവരണ അട്ടിമറിയും പിൻവാതിൽ നിയമനവുമെല്ലാം നടക്കുന്നതായും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, പി.കെ.സി അബ്ദുറഹ്മാൻ, നൗഷാദ് മണ്ണിശ്ശേരി, മുസ്ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റിയംഗം പി ളംറത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, ട്രഷറർ ബാവ വിസപ്പടി, ടി.പി.ഹാരിസ്, നിസാജ് എടപറ്റ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ, സംസ്ഥാന വിങ് കൺവീനർമാരായ റിയാസ് പുൽപ്പറ്റ, സമീർ എടയൂർ, ജില്ലാ ഭാരവാഹികളായ അഡ്വ: ഖമറുസമാൻ, പി.ടി.മുറത്ത്, അഡ്വ: വി.ഷബീബ് റഹ്മാൻ യു.അബ്ദുൽ ബാസിത്ത്, ടി.പി.നബീൽ, എം വിഅസൈനാർ, എൻ.കെ.അഫ്‌സൽ, റാശിദ് കൊക്കൂർ, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു, ജനറൽ സെക്രട്ടറി റുമൈസ റഫീഖ്, ജില്ലാ പ്രസിഡന്റ് അഡ്വ: കെ.തൊഹാനി, ജന.സെക്രട്ടറി എംപി.സിഫ്വ, ടെക്ക്‌ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, ജില്ലാ ചെയർമാൻ കെ.അബ്ദുൽ മുനീർ, കൺവീനർ ജഹ്ഫർ സാദിഖ് എന്നിവർ സംസാരിച്ചു.