കൊച്ചി: വ്യാപാര ആവശ്യങ്ങൾക്ക് കൊണ്ടുപോകുന്ന സ്വർണത്തിന് മാത്രമേ ഇ-വേ ബിൽ ഏർപ്പെടുത്തൂവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഉപഭോക്താക്കൾ ഒരുതരത്തിലും ഇതിന്റെ പരിധിയിൽ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇ-വേ ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വർണ വ്യാപാര മേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള സ്വർണ0 ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ അറിയിച്ചു. കുറഞ്ഞ പരിധി 500 ഗ്രാമായി നിശ്ചയിക്കണം. ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് കുടുതൽ ചെലവുകൾ വരുത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി. സ്വർണം കടകളിൽ എത്താൻ കൂടുതൽ താമസമുണ്ടാകും. ഇ-വേ ബിൽ ജനറേറ്റ് ചെയ്തില്ലെങ്കിൽ 200 ശതമാനം വരെ പിഴയീടാക്കുമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ചർച്ചകളിൽ ഉന്നയിച്ച പ്രശ്‌നങ്ങളും ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിച്ച് മാത്രമേ ഇ-വേ ബിൽ നടപ്പാക്കൂവെന്ന് മന്ത്രി അറിയിച്ചു.

ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് രത്‌നകല രത്‌നാകരൻ, സംസ്ഥാന കൗൺസിൽ അംഗം എസ്. വേണുഗോപാൽ, കെ.ജി.എസ്.ഡി.എ പ്രസിഡന്റ് ഷാജു ചിറയത്ത്, ട്രഷറർ സുനിൽ ദേവസ്യ എന്നിവരും ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.