കോഴിക്കോട്: തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദിന്റെ ഭൂമി രാമ ക്ഷേത്ര ഭൂമിയാക്കി മാറ്റിയതെന്ന് എളമരം കരീം എംപി. ഭരണഘടന സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് യാഷ് ഇന്റർനാഷനലിൽ നടന്ന ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രേഖ നോക്കിയാണ് കോടതി വിധി പറയേണ്ടത്, വിശ്വാസം നോക്കിയല്ലെന്നും കരീം പറഞ്ഞു. ഭരണകൂടവും മതവും വേറിട്ടുനിൽക്കുക എന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാന തത്ത്വം.

ഭരണകൂടവും ഭരണാധികാരികളും ഒരു പ്രത്യേക മതവിശ്വാസത്തിന്റെയോ ആരാധനാലയത്തിന്റെയോ വക്താക്കളാവാൻ പാടില്ലെന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാന പ്രമാണം. ഇതിന്റെ ലംഘനമാണ് രാമക്ഷേത്ര നിർമ്മാണത്തിലൂടെയും പ്രതിഷ്ഠാദിനത്തെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് ദേശീയ ആഘോഷമാക്കിക്കൊണ്ടും ബിജെപി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എളമരം കരീം കൂട്ടിച്ചേർത്തു.

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട് ഭരണഘടന സംരക്ഷണ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. ഡോ. കെ. ഗോപാലൻകുട്ടി, കെ. അജിത, പി.കെ. പാറക്കടവ്, ഡോ. ഐ.പി. അബ്ദുൽ സലാം, ഡോ. പി.പി. അബ്ദുൽ റസാഖ്, ഡോ. പി.എസ്. ജിനീഷ്, മുസ്തഫ എറക്കൽ, വി. വസീഫ് എന്നിവർ സംസാരിച്ചു. പി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതവും എ. പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.