കുമളി: വെള്ളാരംകുന്നിൽ വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരൻ മരിച്ചു. കട്ടപ്പന കൊച്ചുതോവാള പാറയ്ക്കൽ ജയ്മോൻ- സിന്ധു ദമ്പതികളുടെ മകൻ അഭിനന്ദാണ് മരിച്ചത്. കുമളിക്ക് സമീപം വെള്ളാരംകുന്നിൽ മാതൃസഹോദരന്റെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം നടന്നത്.

വീടിന്റെ മുകൾ നിലയിൽ നിൽക്കുകയായിരുന്ന അഭിനന്ദിന് സമീപത്ത് കിടന്നിരുന്ന സർവ്വീസ് കേബിളിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. നിലത്ത് വീണ് കിടന്നിരുന്ന കുട്ടിയെ വീട്ടിലുണ്ടായിരുന്നവരും അടുത്തുള്ള സ്‌കൂളിലെ അദ്ധ്യാപകരും ചേർന്ന് ആദ്യം വെള്ളാരംകുന്നിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ശുശ്രുഷ നൽകി. തുടർന്ന് കട്ടപ്പനയിൽ സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഏതാനും ദിവസം മുൻപാണ് അഭിനന്ദും മാതാവ് സിന്ധുവും ഇവരുടെ സഹോദരൻ ബിനുവിന്റെ വീട്ടിൽ വിരുന്നിനെത്തിയത്. ഇന്ന് തിരികെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുവാൻ ഇരിക്കയാണ് അപകടം. അടുത്തിടെ നിർമ്മാണം കഴിഞ്ഞ വീടിന്റെ മുകളിലത്തെ നിലയിൽ ബാൽക്കണിയോട് ചേർന്നുള്ള ഭാഗത്താണ് സർവീസ് കേബിൾ കിടന്നിരുന്നത്. എന്നാൽ കുട്ടിക്ക് എങ്ങനെയാണ് ഇതിൽ നിന്ന് വൈദ്യുതാഘാതമേറ്റത് എന്നത് അവ്യക്തമാണ്.

അപകടം നടന്ന വീട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കൊച്ചുതോവാള സെന്റ് ജോസഫ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനന്ദ്. അഭിനവ് ഏക സഹോദരനാണ്. സംഭത്തിൽ കുമളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.