കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് ദമ്പതികൾക്കു നേരെ കാട്ടാന ആക്രമണം. ചിഹ്നം വിളിച്ച് പാഞ്ഞടുത്ത കാട്ടു കൊമ്പനിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്നും വീടിന്റെ മുന്നിൽ നിന്നും ഏറെ നേരം കഴിഞ്ഞാണ് ആന കാട്ടിലേയ്ക്ക് മടങ്ങിയതെന്നും വടക്കുംഭാഗം കാരവള്ളി മോഹനൻ വെളിപ്പെടുത്തി.

താനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.അർദ്ധരാത്രിയോടടുത്ത് പുറത്ത് എന്തൊക്കെയോ ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് തങ്ങൾ ഉണർന്നത്. വാതിൽ തുറന്ന് രണ്ടു പേരും പുറത്തു വന്നു. ഇരുട്ടിലേയ്ക്ക് ടോർച്ച് അടിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന ആന ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. ഞൊടിയിടയിൽ വീടിനകത്തുകയറി കതത് അടച്ചതിനാലാണ് ഞങ്ങൾ രക്ഷപെട്ടത്. മോഹനൻ വിശദമാക്കി.

തങ്ങൾ വീടിനുള്ളിൽ കയറിയിട്ടും ഏറെ നേരം ആന മുറ്റത്ത് നിലയുറപ്പിച്ചിരുന്നെന്നും ഈ സമയം ഭയന്നു വിറച്ചാണ് വീട്ടിൽ കഴിഞ്ഞെതെന്നും വിജയൻ പറഞ്ഞു. തങ്ങളെ ആക്രമിക്കാൻ കഴിയാത്തതി ന്റെ ദേഷ്യത്തിൽ ആയിരിക്കണം ആന വീടിനോട് ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഷെഡ്ഡിന്റെ തുണ് പിഴുതുമാറ്റിയെന്നും ഇതുമൂലം മര ഉരുപ്പടികൾ ഇളകി മേൽക്കൂരയ്ക്ക് ബലക്ഷയം സംഭവിച്ച നിലയിലാണെന്നും മോഹനൻ വ്യക്തമാക്കി.

മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കോട്ടപ്പടി പഞ്ചായത്തംഗം സന്തോഷ് അയ്യപ്പൻ ആവശ്യപ്പെട്ടു.