മലപ്പുറം: ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടാനയെ വനപാലകരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. എടവണ്ണ റേഞ്ച് പരിധിയിലെ എടക്കോട് വനം സ്റ്റേഷൻ ഭാഗത്തുവരുന്ന മമ്പാട് പഞ്ചായത്തിലെ കുറ്റിമണ്ണ തൈക്കാട്ട് റസാഖിന്റെ റബർ തോട്ടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കാട്ടാന വീണത്. തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലർച്ചെയോ ആയിരിക്കാം ആന വീണതെന്നാണ് വനപാലകർ പറയുന്നത്.

റബർതോട്ടത്തിൽ റാട്ടപുരയുടെ ആവശ്യത്തിന് ഉണ്ടാക്കിയ കിണറ്റിലാണ് ആന വീണത്. ആറു വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയാണ് അപകടത്തിൽപ്പെട്ടത്. കൊമ്പിനും, തുമ്പിക്കൈയ്ക്കും നേരിയ പരിക്കുണ്ട്. തുമ്പിക്കൈ പുറത്തേക്ക് കാണാവുന്ന രീതിയിലാണ് കിണറ്റിൽ കിടന്നിരുന്നത്. തുടർന്നു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറ്റിലെ രണ്ടു റിംഗുകൾ തകർത്താണ് കാട്ടാനയെ ഇന്നലെ വൈകുന്നേരം നാലു മണിയോടെ രക്ഷപ്പെടുത്തിയത്.

കിണറ്റിൽ നിന്നു രക്ഷപ്പെട്ട കാട്ടാന സമീപത്തെ വനമേഖലയിലേക്ക് കയറി പോയി. വനമേഖലയോട് ചേർന്നു കിടക്കുന്ന സ്ഥലമാണിത്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ അശ്വിൻകുമാർ, എടവണ്ണ റേഞ്ച് ഓഫീസർ റമീസ്, വനം ആർആർടി, വനം വിജിലൻസ് വിഭാഗം, വി എസ്എസ് ഭാരവാഹികൾ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കാട്ടാന കിണറ്റിൽ വീണതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സ്ഥലെത്തിയത്.