- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലപിള്ളി റേഞ്ചിലെ കവരംപിള്ളിയിൽ കുങ്കിയാനകൾ എത്തി; ഇനിയെങ്കിലും സ്വസ്ഥമായി ഉറങ്ങാനാവുമെന്ന പ്രതീക്ഷയിൽ കർഷകർ; വയനാട്ടിൽ നിന്ന് എത്തിച്ചിരിക്കുന്നത് രണ്ട് ആനകളെ
തൃശൂർ: ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിലെ പാലപ്പിള്ളി റേഞ്ചിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ കവരംപിള്ളിയിൽ കുങ്കിയാനകൾ എത്തി. വയനാട് വന്യജീവി സങ്കേതത്തിൽനിന്നുള്ള ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളാണ് എത്തിയിരിക്കുന്നത്. വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 12 അംഗം ഉദ്യോഗസ്ഥ സംഘവും എത്തിയിട്ടുണ്ട്.
കാട്ടാനശല്യം രൂക്ഷമാതാടെ സ്വത്ത് വകകൾ നഷ്ടമാവുന്നതിനൊപ്പം സാമൂഹിക ബന്ധങ്ങളിലും ആനക്കൂട്ടം വില്ലനാവുന്ന സ്ഥിതിയായതോടെയായിരുന്നു കവരംപിള്ളിയിലെ കർഷകർ കാട്ടാനക്കെതിരേ മലയോര കർഷക സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. സമിതിയുടെ നേതൃത്വത്തിൽ കാട്ടാനശല്യത്തിന് പരിഹാരം തേടി ഫോറസ്റ്റ് റേഞ്ചറേയും സി സിഎഫിനെയുമെല്ലാം കണ്ടിരുന്നു.
വനം വകുപ്പാണ് പ്രശ്ന പരിഹാരത്തിന് കുങ്കിയാനകളെ എത്തിക്കാമെന്ന് സംരക്ഷണ സമിതിക്ക് ഉറപ്പു നൽകിയത്. ആ ഉറപ്പാണ് ഇന്നലെ പാലിക്കപ്പെട്ടിരിക്കുന്നത്. റേഞ്ചിന് കീഴിൽ വനത്തോടു തൊട്ടുകിടക്കുന്ന പുലിക്കണ്ണി, കവരപ്പിള്ളി, കുന്നത്തുപാടം. പാത്തിക്കിരിച്ചിറ, കുട്ടൻചിറ, വേപ്പൂർ പ്രദേശങ്ങളിലാണ് വൈകുന്നേരമാവുന്നതോടെ കാട്ടാനക്കൂട്ടം സംഘടിച്ചെത്തിക്കൊണ്ടിരുന്നത്.
കുട്ടൻചിറ ഒരു ദ്വീപുപോലുള്ള പ്രദേശമാണെന്നും ഇതിന് ചുറ്റും വീടുകൾ നിറഞ്ഞയിടമാണെന്നും പാലപ്പിള്ളി റേഞ്ച് ഓഫിസർ പ്രേം ശമിർ പറഞ്ഞു. കുട്ടൻചിറ ഭാഗത്ത് സ്ഥിരമായി തമ്പടിച്ചിരിക്കുന്ന മൂന്നു ആനകളെ കാട്ടിലേക്കു തിരിച്ചയക്കലും തൊട്ടടുത്ത റബ്ബർ എസ്റ്റേറ്റിലൂടെ എത്തുന്ന കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു തുരത്തിയോടിക്കലുമാണ് ലക്ഷ്യം. നാളെ മുതൽ ഓപറേഷന് തുടക്കമാവുമെന്നും അദ്ദേഹം പറഞ്ഞു.
കാടിന്റെ സ്വഭാവം അറിഞ്ഞ ശേഷം മാത്രമേ കുങ്കിയാനകളെ കാട്ടാനകളെ തുരത്താൻ ശ്രമിക്കുകയുള്ളൂവെന്നും ഇതിന്റെ ആദ്യഘട്ടം ഇന്ന് പൂർത്തിയാക്കി നാളെ ഓപറേഷൻ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും വെറ്റിനറി സർജൻ അരുൺ സക്കറിയയും വ്യക്തമാക്കി. വയനാട്ടിൽ ഏറെക്കാലം ജനങ്ങളെ വിറപ്പിക്കുകയും കൃഷി വ്യാപകമായി നശിപ്പിക്കുകയും ചെയ്്തിരുന്ന കാട്ടാനകളായിരുന്നു വനംവകുപ്പ് മെരുക്കിയെടുത്ത് കുങ്കിയാനകളാക്കിയിരിക്കുന്നത്. ഭരതും വിക്രമും വയനാടിന് പുറത്ത് ആദ്യമായി ദൗത്യത്തിന് എത്തിയിരിക്കുന്നതെന്നും സക്കറിയ വെളിപ്പെടുത്തി.
കാട്ടാനക്കൂട്ടത്തെ മണംപിടിച്ച് അകക്കാടുകളിലേക്കു ഓടിക്കാൻ കുങ്കിയനാകളിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസർ പ്രേം ശമിർ പ്രതീക്ഷ പ്രകടപ്പിച്ചു. ഇടതൂർന്നതും മുൾപ്പടർപ്പുകൾ നിറഞ്ഞതുമായ കാടായതിനാൽ കാട്ടാനകളെ തുരത്തുക മനുഷ്യസാധ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് വനം വകുപ്പ് കുങ്കിയാനകളെ കൊണ്ടുവരാൻ തീരുമാനിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്