കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതൻ തൂങ്ങിമരിച്ച നിലയിൽ. പൂക്കയം സ്വദേശി സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് സൂചന. വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ സജിയുടെ പേരുണ്ട്. പൂക്കയം ഒരു മലയോര മേഖലയാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ പേരിൽ പ്രദേശത്ത് കുറച്ച് അധികം സ്ഥലമുണ്ട്. ദുരിത ബാധിതരുടെ പട്ടികയിൽ പെട്ടെങ്കിലും മറ്റു സാമ്പത്തിക സഹായങ്ങൾ ഒന്നും സർക്കാരിൽ നിന്ന് സജിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ദുരിത ബാധിതർക്ക് അഞ്ചുലക്ഷത്തോളം രൂപയാണ് സാമ്പത്തിക സഹായമായി നൽകിയിരുന്നത്. ഇത് ലഭിക്കാതിരുന്നത് മൂലം ചികിത്സയ്ക്കും മറ്റും സജി ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

കുറച്ചുനാളുകളായി എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ചികിത്സാസഹായങ്ങൾ ലഭിക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്നിരുന്നു. പല സ്ഥലത്തും മരുന്ന് വിതരണം നിലച്ച അവസ്ഥയിലായിരുന്നു. ഇതെല്ലാം കൊണ്ട് അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.