മലപ്പുറം; പൊന്നാനിയിൽ യുവാവിനെ ആളുമാറി അറസ്റ്റ് ച്യെ്ത ജയിലിലടച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ച സംബന്ധിച്ചാണ് അന്വേഷണം. റിപ്പോർട്ട്കിട്ടിയതിന് ശേഷം വീഴ്‌ച്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

പൊന്നാനിയിൽ ആളുമാറി നിരപരാധിയെ അറസ്റ്റ് ചെയ്ത് ജയിലിടച്ച സംഭവം പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവത്തിൽ ഗൗരവമായ വീഴ്ച പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായതായി വിമർശമുയർന്നതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എസ് പി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയോട് ആവശ്യപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന പരാതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിനു പകരം ആലുങ്ങൽ അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ പൊലീസ് ഭാര്യയുടെ പരാതിയിൽ അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് അബൂബക്കറിനെ കൊണ്ടു പോവുകയായിരുന്നു. അബൂബക്കറിന്റെ ഭാര്യ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.