തിരുവനന്തപുരം: കാഫിർ വിവാദത്തിൽ മുൻ സിപിഎം എംഎ‍ൽഎ കെ.കെ.ലതികക്കെതിരെ അന്വേഷണം. കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ നൽകിയ പരാതി കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഡി.ജി.പി പൊലീസ് ആസ്ഥാനത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൈമാറി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെ.കെ ലതിക ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്' എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.

യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്ത് വന്നത്. തുടർന്ന് പോസ്റ്റിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് കെ.കെ ലതിക പോസ്റ്റ് പിൻവലിക്കുകയും ഫേസ്‌ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തു.