തിരുവനന്തപുരം: കൊല്ലം എംഎല്‍എ മുകേഷിന്റെ രാജി ആവശ്യം ശക്തമാകവേ ആവശ്യം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബലാത്സംഗ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചാല്‍ മുകേഷും പദവിയൊഴിയുമെന്ന് ഇ.പി ജയരാജന്‍ പ്രതികരിച്ചു. ബലാത്സംഗ കേസില്‍ പ്രതികളായ എം.വിന്‍സെന്റും എല്‍ദോസ് കുന്നപ്പിള്ളിയും രാജിവെച്ചാല്‍ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഒരു കമ്മിറ്റി നിലവില്‍ വരുന്നതെന്നും ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി. മുകേഷിന്റെ രാജി ആവശ്യം സി.പി.ഐ ഉള്‍പ്പടെ ഉന്നയിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ തന്നെ രംഗത്തെത്തുന്നത്. എല്ലാ എം.എല്‍.എമാര്‍ക്കും ഒരേ നിയമമാണ് ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഇ.പിജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ നേതാവ് ആനിരാജയും ആവശ്യപ്പെട്ടിരുന്നു. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ മുകേഷിന് അര്‍ഹതയില്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി.

പീഡന പരാതി വന്നത് മുതല്‍ മുകേഷ് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. കേസെടുത്തപ്പോള്‍ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ മുകേഷിന് ഇപ്പോള്‍ ബോധ്യം വന്നുകാണും. സ്വയം മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് മാറ്റണമെന്നും ആനി രാജ തുറന്നടിച്ചു.ഇത്തരം കേസുകളില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കാത്തത് കൊണ്ട് നമ്മളും രാജിവെക്കേണ്ടിതില്ലെന്നത് ബാലിശമാണ്. അതെല്ലാം വ്യക്തിഗതവാദങ്ങളാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്‍ക്കാര്‍. സര്‍ക്കാര്‍ കൃത്യമായി നടപടിയെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആനി രാജ വ്യക്തമാക്കി.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെതിരെ കേസെടുത്തിരുന്നു. മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. നടന്‍ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.