- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ തന്നെ 'മേഴ്സി' എന്ന് പറയുമ്പോൾ എനിക്ക് സംശയമായി; അല്ലെങ്കിൽ ഞാൻ മെസ്സി എന്നേ പറയൂ; എന്നെ ബ്ലാക് മെയിൽ ചെയ്യാൻ ചട്ടം കെട്ടി വന്നതാണ്'; വിശദീകരണവുമായി ഇ പി ജയരാജൻ
കണ്ണൂർ: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അർജന്റീന നായകൻ ലയണൽ മെസിയെ മേഴ്സിയെന്ന് വിശേഷിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിഷയത്തിൽ ഇപ്പോൾ ബ്ലാക് മെയിൽ പൊളിറ്റിക്സാണ് നടക്കുന്നതെന്ന് ജയരാജൻ ആരോപിച്ചു.
''യഥാർത്ഥത്തിൽ മേഴ്സ് എന്ന പേര് പറയുന്നത് മീഡിയ വൺ റിപ്പോർട്ടറാണ്. അപ്പോൾ എനിക്ക് സംശയമായി. മെസ്സി തന്നെയാണോ എന്ന മാധ്യമ പ്രവർത്തകർ എന്നോട് ചോദ്യം ചോദിക്കുന്നത് പഠിച്ചതിന് ശേഷമായിരിക്കുമല്ലോ? നിങ്ങൾ തന്നെ മേഴ്സി എന്ന് പറയുമ്പോൾ എനിക്ക് സംശയമായി, എന്റെ അടുക്കലാണ് തകരാർ എന്ന്. അവർ പറഞ്ഞത് ഞാൻ ആവർത്തിച്ചു. അല്ലെങ്കിൽ ഞാൻ മെസ്സി എന്നേ പറയൂ. എന്നെ ബ്ലാക് മെയിൽ ചെയ്യാൻ ചട്ടം കെട്ടി വന്നതാണെന്ന് എനിക്ക് തോന്നിയെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു.
'നാക്കുപിഴയൊക്കെ സംഭവിക്കാം ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല. എപ്പോഴും സംഭവിക്കാൻ സാധ്യതയുള്ളതാണ്. പേർഷ്യ, പേഴ്സി.. പല വാക്കുകളിലും നാക്കുപിഴ സംഭവിക്കും. അർജന്റീനയിലേയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയും യൂറോപ്പിലേയും ഉച്ഛാരണം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. പല ഉച്ഛാരണങ്ങളും ഉണ്ടായേക്കാം. ഞാനതിനെ ന്യായീകരിക്കുകകയല്ല. എന്നേപ്പോലുള്ള ഒരാൾ അങ്ങനെയൊരു പത്രപ്രവർത്തകൻ വന്ന് പറയുമ്പോൾ കേൾക്കാൻ പാടില്ലായിരുന്നു. എനിക്കുള്ള സന്ദേശം അതാണ്. ഇനി ഞാനത് ശ്രദ്ധിക്കാം', ഇ പി ജയരാജൻ വ്യക്തമാക്കി.
എനിക്ക് തന്നെ സംഭവിക്കുന്ന ചില തെറ്റുകൾ ഉണ്ട്. ഉദാഹരണത്തിന് ശസ്ത്രക്രിയ എന്ന വാക്ക്. ചിലപ്പോൾ ഞാൻ അത് നീട്ടി ഉച്ഛരിക്കാറുണ്ട്. അങ്ങനെ സംഭവിക്കും. അത് സ്വാഭാവികമാണ്. മലയാളം നമ്മുടെ പ്രാദേശികമായൊക്കെ സംസാരിച്ച് വരുമ്പോൾ ചില വാക്കുകൾക്ക് അങ്ങനെ സംഭവിച്ചേക്കും. അത് നാക്കുപിഴയല്ലെന്ന് ഞാൻ പറയുന്നില്ല. നാക്കുപിഴ സംഭവിച്ചേക്കാം. അത് തിരിച്ചറിയാനുള്ള പ്രാപ്തി ഇപ്പോൾ എല്ലാവർക്കുമുണ്ട്. അത് ദുരുദ്ദേശപരമായി ഉപയോഗിക്കുന്നവർക്ക് അത് ഒരു രസമായിരിക്കും. അവർ രസിക്കട്ടെ എന്നേ എനിക്ക് പറയാൻ സാധിക്കൂയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
മീഡിയവണിന്റെ പ്രത്യേക പരിപാടി 'പന്തുമാല'യിൽ സംസാരിക്കവെയാണ് ഇ പി ജയരാജൻ അർജന്റീന നായകന്റെ പേര് തെറ്റായി പരാമർശിച്ചത്. 'മേഴ്സി' കപ്പും കൊണ്ടേ പോകൂവെന്നും കളരിയഭ്യാസം ഫുട്ബാളിൽ വളരെയധികം സഹായകമാണെന്നുമായിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ വാക്കുകൾ. സമൂഹ മാധ്യമങ്ങളിൽ പ്രതികരണം വൈറലായിരുന്നു.
അർജന്റീനയാണ് നമ്മുടെ ടീം. അർജന്റീന ഫുട്ബാൾ മേളയിൽ ഏറ്റവും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള ടീമാണ്. തുടർച്ചയായി കായികപ്രേമികൾക്ക് നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവർ. അവരുടെ കഴിവും കളിയിലെ പ്രത്യേകതകളുമാണ് ജനങ്ങളെ അവരിലേക്ക് ആകർഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
''മേഴ്സി കപ്പും കൊണ്ടേ പോകൂ. ഇന്ന് പത്രങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. മേഴ്സി തന്നെ പറഞ്ഞിട്ടുണ്ട്, കപ്പും കൊണ്ടേ മടങ്ങൂവെന്ന്. ഫുട്ബാൾ എന്ന കായിക വിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താൽപര്യമാണ് മേഴ്സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായിക പ്രതിഭകൾ ഉയർന്നുവരട്ടെ''.
ചെറുപ്പത്തിൽ നന്നായി ഫോർവേഡ് കളിച്ചിട്ടുണ്ട്. ശാരീരികമായുള്ള കളരിയഭ്യാസം ഫുട്ബാൾ മേളക്ക് വളരെ വളരെ സഹായകമാണ്. ഗ്രൗണ്ടിൽ കിടക്കുന്ന ബാൾ വളരെ അനായാസേന എതിരാളികളുടെ കൈയിൽനിന്ന് മറിച്ചെടുത്ത് തട്ടിക്കൊണ്ടുപോകാനും ശരീരത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കും കളരിയഭ്യാസം വളരെ സഹായകമാണ്. മറഡോണയുടെ ഫുട്ബാൾ രീതി എതിരാളികളെ കവച്ചുവെച്ച് ഓടി മുന്നോട്ടെത്തുന്നതാണ്. അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
കേരള രാഷ്ട്രീയം ഒരു ഫുട്ബാൾ മൈതാനമാണെങ്കിൽ താൻ ഫോർവേഡായിരിക്കും. പ്രതിരോധിക്കലല്ല, കടന്നടിച്ച് മുന്നേറും. എതിരാളികൾ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ കടന്നടിച്ച്, അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും. അങ്ങനെ തകർന്നുപോയ ഒരുപാട് എതിരാളികളുണ്ട്. ഇപ്പോൾ പ്രായമൊക്കെ ആയതുകൊണ്ട് ഫുട്ബാൾ കളിയിൽനിന്ന് പിന്നോട്ടുവന്നെന്നും ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ