- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ അധ്യയന വർഷം; സ്‌കൂളും പരിസരവും ലഹരി മുക്തമാക്കാൻ എക്സൈസ്
കൊച്ചി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് സ്‌കൂളും പരിസരവും കേന്ദ്രീകരിച്ച് ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്താനൊരുങ്ങി എക്സൈസ്. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എക്സൈസ് സർക്കിൾ ഇസ്പെക്ടർമാർക്കും എക്സൈസ് ഇൻസ്പെക്ടർമാർക്കും എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി.
എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായാണ് മുൻകരുതലുകളും പ്രവർത്തനങ്ങളും നടത്തേണ്ടത്. ഓരോ റേഞ്ചിലും വരുന്ന ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേര് എന്നിവ ജൂൺ ആറിനകം റേഞ്ച് ഓഫീസുകളിൽനിന്ന് അതാത് സർക്കിൾ ഓഫീസുകളിൽ ലഭ്യമാക്കണം.
സർക്കിൾ ഓഫീസിൽ ലഭ്യമായ ലിസ്റ്റ് പ്രകാരമുള്ള സ്‌കൂളുകളുടെ വിവരങ്ങൾ ജൂൺ 10-നകം എക്സൈസ് കമ്മീഷണർക്ക് കൈമാറണം. ലിസ്റ്റിലുള്ള സ്‌കൂളുകൾ മെയ് 30-നകം റേഞ്ച് ഇൻസ്പെക്ടർമാർ/റേഞ്ചിന്റെ ചുമതല വഹിക്കുന്നവർ സന്ദർശിക്കണം. സ്‌കൂളുകളുടെ വിവരങ്ങൾ അതാത് ഡിവിഷൻ ഓഫീസ്, സർക്കിൾ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ രജിസ്റ്ററിൽ സൂക്ഷിക്കണം. ഓരോ സ്‌കൂളിനും വിമുക്തി പ്രവർത്തനങ്ങൾക്കായി ഓരോ എക്സൈസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ഈ അധ്യയന വർഷത്തിലെ സ്‌കൂൾ ക്ലബുകൾ സംബന്ധിച്ച വിവരങ്ങൾ ഗൂഗിൾ ഫോമിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണം.
ഓരോ റേഞ്ച് പരിധിയിലെയും പരമാവധി അദ്ധ്യാപകർ, രക്ഷിതാക്കൾ, വാർഡ് അംഗം, സ്‌കൂൾ പരിസരത്തെ കച്ചവട സ്ഥാപനങ്ങളുടെയും ഓട്ടോ , ടാക്സി ഡ്രൈവർമാരുടെയും പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പിടിഎ മീറ്റിംഗുകൾ സംഘടിപ്പിക്കണം. ആ മീറ്റിംഗുകളിൽ വനിത ശിശുക്ഷേമ വകുപ്പ്, ജുവനൈൽ ജസ്റ്റീസ് വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണം.
മീറ്റിംഗുകളിൽ കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ കണ്ടെത്താം, ലഹരിയുടെ കടന്നുവരവ് എങ്ങനെ തടയാം, സ്‌കൂളും പരിസരവും എങ്ങനെ ലഹരിവിമുക്തമാക്കാം, ലഹരി ഉപയോഗിക്കുന്ന കുട്ടികളെ അതിൽ നിന്ന് എങ്ങനെ പിന്തിരിപ്പിക്കാം എന്നതിനെക്കുറിച്ച് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശം നൽകണം. ഇവയെല്ലാം ജൂൺ 20-നകം പൂർത്തിയാക്കണം. വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ വിവരം അറിയിക്കാനുള്ള സംവിധാനമൊരുക്കണം. ഇത്തരം വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിച്ചാൽ മാതാപിതാക്കളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കണം.
വിദ്യാലയ പരിസരങ്ങളും ഇടവഴികളും സ്‌കൂൾ പ്രവേശനോത്സവത്തിന് മുമ്പായി പരിശോധിക്കണം. ക്ലാസുകൾ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പും ക്ലാസുകൾ അവസാനിച്ച് അരമണിക്കൂറിനുള്ളിലും മഫ്തി, ബൈക്ക് പട്രോളിങ് ഏർപ്പെടുത്തണം. ജൂണിൽ എല്ലാ അധ്യയന ദിവസവും അതിനുശേഷം ആഴ്ചയിൽ ഒരിക്കലും പരിശോധന നടത്തണം.
സ്‌കൂൾ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നതും കറങ്ങി നടക്കുന്നതുമായ യുവാക്കളെ പ്രത്യേകം നിരീക്ഷിക്കണം. റേഞ്ച് പരിധിയിലെ സ്‌കൂളുകളിലെ കുട്ടികളുടെ യൂണിഫോം മനസിലാക്കി വയ്ക്കണം. സ്‌കൂൾ സമയത്ത് ഇത്തരം യൂണിഫോമിൽ കറങ്ങി നടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ വിവരം അറിയിക്കണം തുടങ്ങിയ നിർദേശങ്ങളാണ് എക്സൈസ് കമ്മീഷണർ നൽകിയിരിക്കുന്നത്.