തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി തിങ്കളാഴ്ച നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആർ ബിന്ദു, വി. ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവരും ജില്ലയിലെ എംഎ‍ൽഎമാരും പങ്കെടുക്കും. ജയ ഡാളി, ഗിരീഷ് കീർത്തി, പി.ടി ബാബുരാജ്, പി. എസ് കൃഷ്ണകുമാർ, ഗോകുൽ രത്‌നാകർ തുടങ്ങി ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ മുഖ്യമന്ത്രിയുമായി സംവദിക്കും. 50 പേർക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുണ്ടാകും.

മറ്റുള്ളവർക്ക് തൽസമയം ചോദ്യങ്ങൾ എഴുതി നൽകാനാവും. വിവിധ ജില്ലകളിലെ ഭിന്നശേഷി മേഖലയിലുള്ള വ്യക്തികൾ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്ത് ലഭിച്ചാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾ, ഭിന്നശേഷിക്കാരായ കലാ-കായിക-സാംസ്‌കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരും വയോജന മേഖലയിലുള്ളവരും മുഖാമുഖത്തിൽ പങ്കെടുക്കും.